പഞ്ചായത്തിന്റെ റൂട്ടിൽ, പറയുന്ന സമയത്ത്; ‘ഗ്രാമവണ്ടി’ ഓടിത്തുടങ്ങി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് സ്‌പോണ്‍സര്‍ ചെയ്‌ത ഗ്രാമവണ്ടിയുടെ സംസ്‌ഥാനതല ഉൽഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ നിര്‍വഹിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്‌തു.

കേരള ചരിത്രത്തിലെ ഒരു പുതിയ ആശയമാണ് ഗ്രാമവണ്ടി പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് പദ്ധതിയുടെ ഉൽഘാടനം നിര്‍വഹിച്ച് കൊണ്ട് മന്ത്രി ഗോവിന്ദന്‍ പറഞ്ഞു. ഒരു പഞ്ചായത്തിലെ ബസ് പോകുന്ന എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ഗ്രാമവണ്ടി സർവീസ് നടത്തുക. യാത്ര വളരെ ആവശ്യമുള്ളതാണ്. ലോകത്തെ അടുപ്പിക്കുന്നത് തന്നെ യാത്രയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ജനപങ്കാളിത്തത്തോടെ ഗ്രാമവണ്ടി സര്‍വീസ് നടപ്പാക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

നാട്ടിന്‍പുറങ്ങളില്‍ മുഴുവന്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ സഞ്ചരിക്കുന്നത് തന്നെ വിജയകരമാണ്. ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ ഓണറേറിയം ഉള്‍പ്പടെ ഇതിനായി സ്‌പോണ്‍സര്‍ ചെയ്യാനാകും. ഉൽസവങ്ങള്‍, മറ്റ് വാര്‍ഷിക ആഘോഷങ്ങള്‍, കമ്പനികള്‍ നടത്തുന്നവര്‍ തുടങ്ങി സ്വകാര്യ സംരംഭകര്‍ക്കും ഇതിലേക്ക് സ്‌പോണ്‍സര്‍ ചെയ്യാനാകും. സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ പരസ്യം ഉള്‍പ്പടെ പതിക്കാനുള്ള സൗകര്യവും ഒരുക്കും. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

താന്‍ മന്ത്രിയായ ശേഷം ലഭിച്ച ഏറ്റവും കൂടുതല്‍ നിവേദനങ്ങൾ പ്രാദേശിക തലത്തില്‍ കൂടുതല്‍ ബസുകള്‍ വേണമെന്നായിരുന്നുവെന്ന് ആദ്യ ബസ് ഫ്‌ളാഗ് ഓഫ് ചെയ്‌ത ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ബസുകള്‍ ലാഭകരമല്ലാതെ സര്‍വീസ് നടത്താനാകാത്ത സ്‌ഥിതിയുമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പല ഉള്‍പ്രദേശങ്ങളിലും ബസ് സര്‍വീസ് ഇല്ലാത്ത സ്‌ഥിതി മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ആ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ സഹകരണത്തോട് ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന റൂട്ടില്‍, നിര്‍ദ്ദേശിക്കുന്ന സമയത്ത് ബസ് സർവീസ് നടത്തും. ഒരോ വാര്‍ഡുകളിലും നാടിന്റെ നൻമക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന കുറച്ച് പേരെങ്കിലും ഉണ്ട്. അത്തരത്തിലുള്ളവരെ കണ്ടെത്തി സ്‌പോണ്‍സര്‍ഷിപ്പിലൂടെ സര്‍വീസ് നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി മാത്രം ഒറ്റക്ക് വിചാരിച്ചാല്‍ ഇത്തരം സര്‍വീസുകള്‍ വിജയിപ്പിക്കാനാകില്ല.

കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഗ്രാമവണ്ടി നടപ്പാക്കേണ്ടി വരും. ഏത് തദ്ദേശസ്വയംഭരണ സ്‌ഥാപനം ചോദിച്ചാലും വണ്ടി കൊടുക്കാന്‍ തയ്യാറാണ്.ഇടറോഡുകളില്‍ രണ്ടാം ഘട്ടത്തില്‍ ചെറിയ ബസുകള്‍ ഉള്ള സ്വകാര്യ ബസ് ഉടമകളുമായി കരാര്‍ ഉണ്ടാക്കി അവരുടെ ബസുകള്‍ എടുത്ത് സർവീസ് നടത്താനാണ് ഉദ്ദേശമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

പാറശ്ശാല എംഎല്‍എ സികെ ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎസ്‌ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് റിപ്പോർട് അവതരിപ്പിച്ചു. കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍എസ് നവനീത് കുമാര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ കെഎസ്‌ആര്‍ടിസി സ്‌പെഷ്യല്‍ പ്രോജക്‌ട് ഡിറ്റിഒ താജുദ്ദീന്‍ സാഹിബ് വിഎം കൃതജ്‌ഞത പറഞ്ഞു.

Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE