തിരുവനന്തപുരം: പശ്‌ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, സംസ്‌ഥാനത്ത് പാചകവാതക വിതരണം വീണ്ടും പ്രതിസന്ധിയിൽ. സിലിണ്ടറുകളുടെ ലഭ്യതക്കുറവും ബുക്കിങ്ങിൽ അനുഭവപ്പെടുന്ന കാലതാമസവും സാധാരണക്കാരായ ഉപയോക്‌താക്കളെ ദുരിതത്തിലാക്കി.
ഹോട്ടലുകൾക്കും മറ്റു ചെറുകിട കച്ചവടക്കാർക്കും പുറമെ വീട്ടമ്മമാരും വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് നേരിടുന്നത്. ഓൺലൈൻ വഴി ബുക്കിങ് നടത്തിയാലും ആഴ്‌ചകൾ കഴിഞ്ഞാണ് സിലിണ്ടർ വീട്ടിലെത്തുന്നതെന്ന് ഇവർ പറയുന്നു. ഏജൻസികളിൽ അന്വേഷിച്ചാൽ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതികൾ ഉയർന്നിട്ടുണ്ട്.
നിലവിൽ 50 ശതമാനത്തോളം ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. കാറ്ററിങ് മേഖല സ്‌തംഭിച്ചു. പ്രതിസന്ധി പരിഹരിക്കാൻ കമ്പനികൾ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ശക്‌തമാണ്. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തി വിതരണം സുഗമമാക്കാൻ അധികൃതർ തയ്യാറാകാത്ത പക്ഷം വരും ദിവസങ്ങളിൽ പ്രതിഷേധം ശക്‌തമാക്കാനാണ് ഉപഭോക്‌തൃ സംഘടനകളുടെ തീരുമാനം.
അതേസമയം, ബോട്ട്ലിങ് പ്ളാന്റുകളിലെ സാങ്കേതിക തടസങ്ങളും സിലിണ്ടറുകളുടെ സ്‌റ്റോക്കിലുണ്ടായ കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ഏജൻസികൾ പറയുന്നത്. ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷം മൂലം ഹോർമുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധി കാരണമാണ് ഇതെന്നും ഏജൻസികൾ പറയുന്നു.
Most Read| ബംഗാൾ ഇനി സുവേന്ദു അധികാരി നയിക്കും; മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു






































