ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം ആശങ്കാജനകമല്ലെന്ന് ആരോഗ്യവകുപ്പ്. വിദേശ രാജ്യങ്ങളിൽ കോവിഡ് അതിതീവ്രമാണെങ്കിലും രാജ്യത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇന്ന് 196 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. 0.56 ശതമാനമാണ് ടിപിആർ. അന്താരാഷ്‌ട്ര യാത്രക്കാരിൽ രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം കുറവാണെന്നതും ആശ്വാസകരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വിലയിരുത്തുന്നു.
അന്താരാഷ്‌ട്ര യാത്രക്കാരായി വിമാനത്താവളങ്ങളിലെ പരിശോധന ആരംഭിച്ചതിന് ശേഷം ശനി, ഞായർ ദിവസങ്ങളിൽ ഡെൽഹി വിമാനത്താവളത്തിൽ പരിശോധിച്ച 455 പേരിൽ കോവിഡ് സ്‌ഥിരീകരിച്ചത് രണ്ടുപേർക്ക് മാത്രമാണ്. രണ്ടുപേരും വാക്‌സിൻ സ്വീകരിച്ചവരായിരുന്നു. ഇരുവരിലും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
എന്നാൽ, രോഗവ്യാപനം തീവ്രമല്ലെന്നാണ് നിലവിലെ ആരോഗ്യവകുപ്പ് വിലയിരുത്തൽ. കോവിഡ് ഭീഷണി വീണ്ടും ഉയർന്നതോടെ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണവും ഉയർന്നതായാണ് വിവരം. അതേസമയം, ജനങ്ങൾ പുതുവൽസര, ക്രിസ്‌മസ് ആഘോഷങ്ങളിലേക്ക് കടന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
എല്ലാവരും മാസ്‌ക് ധരിക്കണം, ശുചിത്വം പാലിക്കണം, സൂക്ഷിച്ചാൽ സുരക്ഷിതരാകാം, ജാഗ്രത കുറവ് മറ്റൊരു ഉൽസവ കാലത്തിന്റെ സന്തോഷം ഇല്ലാതാക്കാൻ ഇടവരുത്തരുതെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉൽസവ കാലങ്ങളിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു.
അതിനിടെ, ആഗോളതലത്തിലെ കോവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് ചൊവ്വാഴ്‌ച മുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്രം സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ആശുപത്രികളിൽ ഓക്‌സിജന്റെയും പ്രവർത്തനക്ഷമമായ ജീവൻരക്ഷാ ഉപകരണങ്ങളുടെയും ലഭ്യതയും ഉറപ്പാക്കാൻ കേന്ദ്രം സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: സാമ്പത്തിക ആരോപണം; ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിഞ്ഞേക്കും