കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾ; റായ്‌പൂരിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് കോവിഡ്

By Staff Reporter, Malabar News
chhathisgarh-raipur
Image Courtesy: NDTV
Ajwa Travels

റായ്‌പൂർ: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്, വിവിധ സംസ്‌ഥാനങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട മോശം വാർത്തകളാണ് അനുദിനം പുറത്തുവരുന്നത്. കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്‌ട്രയിൽ നിന്ന് മാത്രമല്ല ഇത്തരം വാർത്തകൾ ലഭിക്കുന്നത്. ഛത്തീസ്‌ഗഢിലെ റായ്‌പൂരിൽ കോവിഡ് ബാധയേറ്റ് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതെ കൂട്ടിയിട്ട ദൃശ്യങ്ങളാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്.

റായ്‌പൂരിലെ ഡോ. ഭീം റാവു അംബേദ്‌കർ മെമ്മോറിയൽ ഹോസ്‌പിറ്റലിലാണ് മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതെ വരാന്തയിലും സ്‌ട്രെക്ച്ചറുകളിലും കൊണ്ടിടേണ്ട അവസ്‌ഥ വന്നിരിക്കുന്നത്. താരതമ്യേന കോവിഡ് കുറവായിരുന്ന സംസ്‌ഥാനത്ത്‌ പെട്ടെന്നുണ്ടായ രോഗവ്യാപനത്തിൽ സർക്കാർ സംവിധാനങ്ങൾ ആടിയുലയുകയാണ്.

ദേശീയ മാദ്ധ്യമമായ എൻഡിടിവിയാണ് വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ വാർത്ത പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. മുറികള്‍ നിറഞ്ഞതിന് പിന്നാലെ ആശുപത്രി കെട്ടിടത്തിന് പുറത്തും സ്‌ട്രെച്ചറുകളിലായി മൃതദേഹങ്ങള്‍ കിടത്തേണ്ട സ്‌ഥിതിയാണ്‌. മോര്‍ച്ചറിയില്‍ ഇനി സ്‌ഥലമില്ലെന്നും, ഫ്രീസറുകള്‍ എല്ലാം ഉപയോഗത്തിലാണെന്നും തങ്ങള്‍ കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്നും ആശുപത്രി അധികൃതർ തന്നെ വ്യക്‌തമാക്കുകയാണ്.

‘ഒരേസമയം ഇത്രയധികം മരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യം ഇവിടെയുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ഞങ്ങളുടെ പക്കല്‍ ആവശ്യത്തിന് ഫ്രീസറുണ്ടായിരുന്നതാണ്. പക്ഷേ ഒന്നോ രണ്ടോ മരണം റിപ്പോര്‍ട്ട് ചെയ്‌തിരുന്ന സ്‌ഥാനത്ത്‌ പത്തും ഇരുപതും മരണങ്ങള്‍ വന്നുകഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ പ്രതിസന്ധിയിലായി. അപ്പോഴും ഞങ്ങൾ ശ്രമം നടത്തിക്കൊണ്ടിരുന്നു. ഇതിനിടെ മരണനിരക്ക് വീണ്ടും ഉയര്‍ന്നു. പത്തും ഇരുപതും എന്ന സ്‌ഥാനത്ത് അൻപതും അറുപതും എന്ന നിലക്കായി. എങ്ങനെയാണ് ഈ സാഹചര്യത്തെ ഞങ്ങള്‍ കൈകാര്യം ചെയ്യുക ? ശ്‌മശാനങ്ങളില്‍ പോലും ഇടമില്ലാത്ത അവസ്‌ഥയാണ്’ റായ്‌പൂർ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മീര ബാഗെല്‍ പറയുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം ശരാശരി ഒരു ദിവസം 55 മൃതദേഹങ്ങളാണ് നഗരത്തിൽ വിവിധ ശ്‌മശാനങ്ങളിൽ ദഹിപ്പിക്കുന്നത്. അതിൽ ഭൂരിഭാഗവും കോവിഡ് മരണങ്ങളാണ്. സംസ്‌ഥാനത്ത്‌ കോവിഡ് കൂടുതൽ നാശം വിതയ്‌ക്കുന്നത് റായ്‌പൂർ, ദുർഗ് ജില്ലകളിലാണ്. യഥാക്രമം 2833, 1650 പുതിയ കേസുകളാണ് ഇവിടങ്ങളിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ പത്ത് സംസ്‌ഥാനങ്ങളിൽ ഒന്നാണ് ഛത്തീസ്‌ഗഢ്. മഹാരാഷ്‌ട്ര, കേരളം എന്നിവയാണ് മറ്റ് സംസ്‌ഥാനങ്ങൾ. ഇത് കേവലം റായ്‌പൂരിലെ മാത്രം അവസ്‌ഥയല്ല. ഇന്ത്യയിലെ പല നഗരങ്ങളും സമാന സാഹചചര്യങ്ങളിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. രാജ്യം നേരിടുന്ന കോവിഡ് പ്രതിസന്ധിയുടെ ഒരു ഉദാഹരണം മാത്രമാണ് റായ്‌പൂരിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ.

Read Also: സ്‌പുട്നിക് 5 വാക്‌സിൻ; അടിയന്തിര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE