കണ്ണൂർ: ഊരത്തൂരിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തിന് കാരണം ഇടിമിന്നലിനെ തുടർന്നുണ്ടായ ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക റിപ്പോർട്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രമായ റിസോർസ് റിക്കവറി ഫെസിലിറ്റേഷൻ സെന്ററിൽ വൻ തീപിടുത്തം ഉണ്ടായത്.
40 സെന്ററിൽ സംഭരണ കേന്ദ്രവും പ്ളാസ്‌റ്റിക് പൊടിക്കാനുള്ള മെഷീനുകളുമടങ്ങിയ മറ്റൊരു കെട്ടിടവുമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇവ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. നൂറ് ടണ്ണിലധികം പ്ളാസ്‌റ്റിക്കും ഇവിടെ സൂക്ഷിച്ചിരുന്നു. മാസംതോറും ടൺ കണക്കിന് സാധനങ്ങൾ റീസൈക്കിൾ കേരളയ്‌ക്ക് ഇവിടെ നിന്ന് കയറ്റിയയക്കുന്നുണ്ട്. അഞ്ച് തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. അതേസമയം അപകട സമയത്ത് തൊഴിലാളികൾ കേന്ദ്രത്തിൽ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രാത്രി ഏഴരയോടെയാണ് തീ പൂർണമായി അണച്ചത്. അപകടത്തിൽ ഒന്നരക്കോടിയുടെ നഷ്‌ടം കണക്കാക്കുന്നുണ്ട്. പടിയൂർ-കല്യാട് പഞ്ചായത്ത് ഉടമസ്‌ഥ യിൽ ഊരത്തൂർ ശ്‌മശാനം പരിസരത്താണ് കേന്ദ്രം സ്‌ഥിതി ചെയ്യുന്നത്. അതേസമയം, പടിയൂർ-കല്യാട് പഞ്ചായത്ത് അധികൃതർ, ബ്ളോക്ക് പഞ്ചായത്ത് അധികൃതർ എന്നിവർ സംഭവസ്‌ഥലം സന്ദർശിച്ചു. മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നെത്തിയ അഞ്ച് യൂണിറ്റ് അഗ്‌നിരക്ഷാസേനയാണ് തീ അണച്ചത്.
Most Read: സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നു; ഗ്രാമസഭകള്‍ ചേരാം