വയനാട്: വയനാടിന് പ്രതീക്ഷയേകി പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തഭൂമിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്‌റ്ററിലാണ് വയനാട്ടിലെത്തിയത്. തുടർന്ന്, ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ- ചൂരൽമല- പുഞ്ചിരിമട്ടം മേഖലയിൽ ആകാശ നിരീക്ഷണം നടത്തി.
ദുരന്തബാധിത പ്രദേശങ്ങൾ അദ്ദേഹം സന്ദർശിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് നേരിട്ട വെല്ലുവിളികൾ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്‌ഥാന ചീഫ് സെക്രട്ടറി വി വേണു എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്. ആദ്യം വെള്ളാർമല സ്‌കൂളിലെത്തിയ പ്രധാനമന്ത്രി വിദ്യാർഥികളെ കുറിച്ചും തുടർപഠനത്തെ പറ്റിയും ചോദിച്ചറിഞ്ഞു.
എത്ര വിദ്യാർഥികൾക്ക് പരിക്കുപറ്റി, എത്രപേർ മരിച്ചു, വിദ്യാർഥികളുടെ തുടർപഠനം എന്നിവയെല്ലാമാണ് ചോദിച്ചറിഞ്ഞത്. സ്‌കൂളിൽ 15 മിനിറ്റ് ചിലവഴിച്ച ശേഷം സ്‌കൂളിന് സമീപത്തെ താൽക്കാലിക ഷെഡും മോദി സന്ദർശിച്ചു. ഇവിടെ നിന്ന് ചൂരൽമലയിലെ ബെയ്‌ലി പാലത്തിലൂടെ മറുകരയിലേക്ക് പോകും. തുടർന്ന് രക്ഷാദൗത്യയിൽ പങ്കാളികളായ സൈനികരുമായി കൂടിക്കാഴ്‌ച നടത്തും.
റോഡിൽ വെച്ച് എഡിജിപി എംആർ അജിത് കുമാർ ദുരന്തത്തിന്റെ വ്യാപ്‌തിയും രക്ഷാപ്രവർത്തനത്തെ പറ്റിയും വിശദീകരിച്ചു. ദുരന്ത മേഖലയിലെ സന്ദർശനത്തിന് ശേഷം, ദുരന്ത ബാധിതരുള്ള മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും ക്യാമ്പിലും മോദിയെത്തും. വൈകിട്ട് മൂന്നുമണിവരെ പ്രധാനമന്ത്രി വയനാട്ടിലെ ദുരന്തഭൂമിയിൽ തുടരും. കളക്‌ട്രേറ്റിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും.
വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണത്തിന് മാത്രം 2000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ വ്യക്‌തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാർ.
Most Read| ബംഗ്ളാദേശിൽ ആഭ്യന്തര കലാപത്തിന് ശമനമില്ല; ഇതുവരെ കൊല്ലപ്പെട്ടത് 560 പേർ