പാലക്കാട് : ജില്ലയിൽ ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറിൽ പോളിംഗ് ശതമാനം കുറവായിരുന്നെങ്കിലും 9 മണിക്ക് ശേഷം പോളിംഗ് ഉയർന്നു. 17.07 ശതമാനമാണ് 9 മണിക്ക് മുൻപ് വരെ ജില്ലയിൽ രേഖപ്പെടുത്തിയത്. എന്നാൽ 10 മണി ആയതോടെ ഇത് 27 ശതമാനം ആയി ഉയർന്നു. തുടർന്ന് 12 മണി ആയപ്പോഴേക്കും പോളിംഗ് ശതമാനം 36.78 ശതമാനം ആയി ഉയർന്നു.
ഉച്ചക്ക് ശേഷം 3.30 വരെ പിന്നീട് പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും അവസാനത്തെ 3 മണിക്കൂറിൽ 30 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കൂടാതെ ജില്ലയിലെ ചില ബൂത്തുകളിൽ തിരഞ്ഞെടുപ്പിൽ ഹരിതചട്ടങ്ങൾ പാലിക്കാനും ബൂത്തുകളിലെ മാലിന്യം നീക്കം ചെയ്യാനും നിയമിച്ച ഹരിതസേനയെക്കുറിച്ചും രാഷ്‌ട്രീയ തർക്കമുയർന്നു. ഇതോടെ ബൂത്തുകളിൽ ചിലതിൽ മാലിന്യം നീക്കം ചെയ്യാൻ ആളില്ലാതായതോടെ പകരം സംവിധാനം ഏർപ്പാടാക്കേണ്ടിവന്നു.
വടകരപ്പതി, ഏരുത്തേമ്പതി, പെരുമാട്ടി, മുതലമട, മീനാക്ഷിപുരം പ്രദേശത്തെ ചില ബൂത്തുകളിലാണ് മാലിന്യനീക്കത്തിന് പകരം സംവിധാനം ഏർപ്പെടുത്തേണ്ടി വന്നത്. ബാക്കിയിടങ്ങളിൽ ഹരിത സേന സജീവമായിരുന്നു. തിരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശമനുസരിച്ച് ഹരിതകേരള മിഷനും ശുചിത്വമിഷനും സംയുക്‌തമായാണ് സംവിധാനം നടപ്പാക്കിയത്.
Read also : ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധം; കൂത്തുപറമ്പിൽ ഇന്ന് യുഡിഎഫ് ഹർത്താൽ