ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘കോള്‍ഡ് കേസി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കോവിഡ് സാഹചര്യം മൂലം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ജൂണ്‍ 30ന് ചിത്രം റിലീസ് ചെയ്യും.
ജൂണ്‍ മാസത്തിലെ ആമസോണ്‍ റിലീസുകള്‍ ഉള്‍പ്പെടുത്തിയ വീഡിയോയിൽ ആയിരുന്നു റിലീസ് തീയതിയുടെ പ്രഖ്യാപനം.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ളാന്‍ ജെ സ്‌റ്റുഡിയോയുടെയും ബാനറില്‍ ഒരുങ്ങുന്ന ‘കോൾഡ് കേസ്’ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിർമിക്കുന്നത്. ശ്രീനാഥ് വി നാഥിന്റേതാണ് തിരക്കഥ.
യഥാര്‍ഥ സംഭവത്തെ അടിസ്‌ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യേഗസ്‌ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ‘എസിപി സത്യരാജ്’ എന്നാണ് കഥാപാത്രത്തിന്റെ പേര്. അദിതി ബാലൻ നായികയാകുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമാണ്. ‘ഡ്രൈവിങ് ലൈസന്‍സി’ന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. അതേസമയം പൃഥ്വിരാജിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
Most Read: നിയന്ത്രിക്കാൻ കഴിയാത്തതിനെ നശിപ്പിക്കുന്നു; ട്വിറ്ററിന് എതിരായ നടപടികളിൽ മമത