കൊൽക്കത്ത: ട്വിറ്ററിന് എതിരായ കേന്ദ്ര സർക്കാരിന്റെ നടപടികളിൽ വിമർശനവുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നിയന്ത്രിക്കാൻ കഴിയാത്തതിനെ നശിപ്പിക്കുക എന്ന നയമാണ് കേന്ദ്രത്തിനെന്ന് മമത പറഞ്ഞു.
“കേന്ദ്രത്തിന്റെ ഈ നടപടിയെ ഞാൻ അപലപിക്കുന്നു. കേന്ദ്രത്തിന് ട്വിറ്ററിനെ നിയന്ത്രിക്കാൻ ആവുന്നില്ല. അതിനാൽ ഭയപ്പെടുത്തി ഉപദ്രവിക്കുകയാണ്. നിയന്ത്രിക്കാൻ കഴിയാത്ത എല്ലാവരെയും അവര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. അവർക്ക് എന്നെ നിയന്ത്രിക്കാൻ കഴിയില്ല. അതിനാലാണ് എന്റെ സർക്കാരിനെ ഇല്ലായ്‌മ ചെയ്യാൻ ശ്രമിക്കുന്നത്,”- മമത പറഞ്ഞു.
ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ ട്വിറ്ററിന് ഇന്ത്യയില്‍ ലഭിച്ചിരുന്ന നിയമ പരിരക്ഷ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം എടുത്തുകളഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടം പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ ഇനി ട്വിറ്ററില്‍ വരുന്ന ട്വീറ്റുകള്‍ക്കെതിരെ കേസെടുത്താൽ ഇതിന്റെ നിയമപരമായ ഉത്തരവാദിത്വം കമ്പനിക്ക് മാത്രമായിരിക്കും. ട്വിറ്ററിന്റെ ഇന്ത്യന്‍ മേധാവികളെ ചോദ്യം ചെയ്യാനും മറ്റു നടപടികള്‍ സ്വീകരിക്കാനും പോലീസിന് സാധിക്കും.
“ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ അവര്‍ക്കുള്ള സംരക്ഷണം നഷ്‌ടപ്പെട്ടു. ഏതൊരു പ്രസാധകനെയും പോലെ ഇനി ഇന്ത്യന്‍ നിയമത്തിലെ ശിക്ഷാ നടപടികളില്‍ ട്വിറ്ററും ബാധ്യസ്‌ഥരാണ്,”- എന്നായിരുന്നു കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞത്.
റസിഡൻസ് ഗ്രീവൻസ് ഓഫിസർ, നോഡൽ ഓഫിസർ, ചീഫ് കംപ്ളൈൻസ് ഓഫിസർ എന്നീ പദവികളിൽ എക്‌സിക്യൂട്ടീവുകളെ നിയമിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടെന്നാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം ആരോപിക്കുന്നത്. ചട്ടം പാലിക്കാന്‍ ട്വിറ്ററിന് അധിക സമയം അനുവദിച്ചിട്ടും നടപ്പാക്കിയില്ലെന്ന് കേന്ദ്രം പറയുന്നു.
അതേസമയം, ചട്ടങ്ങളോട് ആദ്യ ഘട്ടത്തില്‍ മടി കാണിച്ച ട്വിറ്റര്‍ പിന്നീട് ഇവ പാലിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരാതി പരിഹാര ഓഫിസറെ കമ്പനി നിയമിച്ചിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങള്‍ ഉടനെ കേന്ദ്ര ഐടി മന്ത്രാലയത്തിന് നല്‍കുമെന്നും ട്വിറ്റര്‍ വ്യക്‌തമാക്കിയിരുന്നു.
Most Read: രാജീവ് ഗാന്ധി വധക്കേസ്; പ്രതികൾക്ക് ദീർഘകാല പരോൾ നൽകാൻ നീക്കവുമായി തമിഴ്‌നാട് സർക്കാർ