കണ്ണൂർ: ജില്ലയിലെ നാലുവയലിൽ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ പെൺകുട്ടി മരിച്ചു. നാലുവയൽ ഹിദായത്ത് വീട്ടിലെ ഫാത്തിമയാണ് (11) മരിച്ചത്. കലശലായ പനി മൂലം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്‌ക്ക് കലശലായ പനി ഉണ്ടാരുന്നു. എന്നാൽ, അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിൽസ വീട്ടുകാർ നൽകിയിരുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ ചികിൽസ നൽകാൻ താത്പര്യം ഇല്ലാത്ത കുടുംബമാണ് ഫാത്തിമയുടേത്. പകരം മതപരമായ ചികിൽസകൾ നൽകിയാൽ മതിയെന്ന് വിശ്വസിക്കുന്നവരാണ് ഫാത്തിമയുടെ കുടുംബമെന്നും നാട്ടുകാർ പറഞ്ഞു.
ഇത്തരത്തിൽ ഫാത്തിമയ്‌ക്ക് കൃത്യമായ ചികിൽസ നൽകാത്തത് മൂലമാണ് മരണം സംഭവിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പനി മൂർഛിച്ചതോടെ കുട്ടിക്ക് മതപരമായ ചികിൽസകളാണ് കുടുംബം നൽകിയത്. ആശുപത്രിയിൽ എത്തും മുൻപേ കുട്ടി മരിച്ചിരുന്നതായാണ് ആശുപത്രി അധികൃതർ വ്യക്‌തമാക്കുന്നത്. അതേസമയം, ഫാത്തിമയുടെ കുടുംബത്തിൽ നേരത്തെയും ഇത്തരത്തിൽ ഒരു ബന്ധു ചികിൽസ നിഷേധിച്ചതിനെ തുടർന്ന് മരിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
Most Read: നവംബർ 4 വരെ മഴ തുടരും; മലയോര മേഖലയിൽ ഇടിമിന്നലിനും സാധ്യത