ടെഹ്‌റാൻ: ഒരുമാസത്തിനകം യുദ്ധം തീർക്കുകയാണ് ലക്ഷ്യമെന്ന് ഇറാൻ. യുഎസിന് സമർപ്പിച്ച പുതിയ നിർദ്ദേശങ്ങളിലാണ് ഇറാൻ ഇക്കാര്യം ആവശ്യപ്പെട്ടത്. വെടിനിർത്തൽ നീട്ടലല്ല, പകരം ഒരുമാസത്തിനകം യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നാണ് ഇറാന്റെ ആവശ്യം.
യുദ്ധം അവസാനിപ്പിക്കാനായി യുഎസ് മുന്നോട്ടുവെച്ച 9ഇന പ്രശ്‌നപരിഹാര നിർദ്ദേശങ്ങൾക്ക് മറുപടിയായി, പാക്കിസ്‌ഥാൻ വഴി സമർപ്പിച്ച 14 ഇന നിർദ്ദേശങ്ങളിലാണ് ഇക്കാര്യമുള്ളതെന്ന് ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. രണ്ടുമാസത്തെ വെടിനിർത്തലാണ് പ്രധാനമായും യുഎസ് മുന്നോട്ടുവച്ചിരിക്കുന്നത്.
വെടിനിർത്തൽ നീട്ടുന്നതിന് പകരം യുദ്ധം പൂർണമായി അവസാനിപ്പിക്കണം, ലബനനിലേക്ക് അടക്കം ആക്രമണങ്ങളും അമേരിക്ക അവസാനിപ്പിക്കണം, ഹോർമുസിന്റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണം, മേഖലയിൽ നിന്ന് യുഎസ് സേനയെ പൂർണമായും പിൻവലിക്കണം, മരവിപ്പിച്ച ആസ്‌തികൾ വിട്ടുനൽകുക, യുദ്ധ നഷ്‌ടപരിഹാരം നൽകുക തുടങ്ങി 14ഇന നിർദ്ദേശങ്ങളാണ് ഇറാൻ പുതിയ സമാധാന കരാറിന്റെ ഭാഗമായി പങ്കുവെച്ചിട്ടുള്ളത്.
അതേസമയം, യുദ്ധം അവസാനിപ്പിക്കണമെങ്കിൽ യുറേനിയം ശേഖരം ഉപേക്ഷിക്കണമെന്ന യുഎസിന്റെ ആവശ്യം തള്ളിയ ഇറാൻ, ആണവ വിഷയങ്ങളിലെ ചർച്ചകൾ പിന്നീടാകാമെന്ന് നിർദ്ദേശിച്ചു. ആണവ പദ്ധതി സമാധാനപരമാണെന്നും ഉപരോധം പിൻവലിച്ചാൽ ആണവ പദ്ധതികളെപ്പറ്റി ചർച്ച ചെയ്യാൻ തയ്യാറാണെന്നും ഇറാൻ പറയുന്നു.
അതിനിടെ, സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടികൾ വീണ്ടും ആരംഭിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. സമാധാന കരാറിനായി ഇറാൻ സമർപ്പിച്ച 14 ഇന നിർദ്ദേശങ്ങൾ താൻ പരിശോധിക്കുമെന്നും എന്നാൽ, ഈ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്






































