ഹരിയാന: കര്‍ഷക സമരത്തിനിടെ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്‌റ്റ് ചെയ്‌ത പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു. ഹരിയാനയിലെ സോനിപത്തിൽ വെച്ച് നടന്ന അപകടത്തിലാണ് മരണപ്പെട്ടത്.
2015ല്‍ ‘രംതാ ജോഗി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പ്രവേശനം നടത്തിയ ദീപ് സണ്ണി ഡിയോളിന്റെ അടുത്ത അനുയായിയായിരുന്നു. 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ദീപ് സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ കര്‍ഷക സമരത്തിനിടെ പോലീസ് അറസ്‌റ്റ് ചെയ്‌തതോടെ സണ്ണി ഡിയോള്‍ സിദ്ദുവിനെ തള്ളിപറഞ്ഞു രംഗത്തുവന്നു.
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയെന്നായിരുന്നു ദീപ് സിദ്ദുവിന് എതിരായ ആരോപണം. സുരക്ഷാ ഉദ്യോഗസ്‌ഥരെ ആക്രമിച്ച ശേഷം ചെങ്കോട്ടയില്‍ കടന്ന സിദ്ദുവും സംഘവും സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു.
പിന്നീട് മോദിക്കും അമിത് ഷാക്കും ഒപ്പം നില്‍ക്കുന്ന ദീപ് സിദ്ദുവിന്റെ ചിത്രങ്ങളും കര്‍ഷക സമര സംഘര്‍ഷത്തിനിടെ പുറത്തുവന്നിരുന്നു. ചെങ്കോട്ടയിലേക്ക് ആളുകളെ എത്തിച്ചതും സിഖ് പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന് കർഷക നേതാക്കളും ആരോപിച്ചിരുന്നു.
Most Read: ബിജെപിയിലേക്കില്ല; മുൻ കേന്ദ്രമന്ത്രി അശ്വനി കുമാര്‍