ചണ്ഡീഗഡ്: വാഹനാപകടത്തില്‍ മരിച്ച പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ കാറിൽ നിന്ന് പോലീസ് മദ്യക്കുപ്പികൾ കണ്ടെടുത്തു. ദീപ് സിദ്ദുവിന്റെ കാറിൽ നിന്ന് പാതി നിറച്ച മദ്യക്കുപ്പി കണ്ടെടുത്തതായും അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകട കാരണം എന്നാണ് നിഗമനമെന്നും സോനിപത് എസ്‌പി രാഹുൽ ശർമ്മ വശം പറഞ്ഞു.
ഇന്നലെ രാത്രി 9.30 ഓടെ ഖാർഖോഡ ടോളിന് സമീപമാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. എക്സ്പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന 22 ടയർ ട്രക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടകാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. മദ്യക്കുപ്പി കണ്ടെടുത്തതിന് സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യവും ഇതുവരെ വ്യക്‌തമല്ല.
അപകട സമയത്ത് എൻആർഐ (നോൺ റസിഡന്റ് ഇന്ത്യൻ) സുഹൃത്ത് റീന റായിയും ദീപ് സിദ്ദുവിനൊപ്പം ഉണ്ടായിരുന്നു. ഇവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിൽ ആണ്. എന്താണ് അപകടത്തിലേക്ക് നയിച്ചതെന്നറിയാൻ പോലീസ് ഇവരെ ചോദ്യം ചെയ്‌തു വരികയാണ്.
ജനുവരി 13നാണ് റീന റായ് അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. ഹരിയാനയിലെ ഗുരുഗ്രാമിലെ ഒബ്‌റോയ് ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. ചൊവ്വാഴ്‌ച രാത്രി ഏഴരയോടെയാണ് ഇവർ ഗുരുഗ്രാമിൽ നിന്ന് പുറപ്പെട്ടത്.
“അപകടത്തിൽ ഉൾപ്പെട്ട ട്രക്കിന്റെ ഉടമക്കും ഡ്രൈവർക്കും എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്,” എസ്‌പി രാഹുൽ ശർമ്മ വശം പറഞ്ഞു. ബുധനാഴ്‌ച രാവിലെ പോസ്‌റ്റുമോർട്ടം നടത്തിയ ശേഷം ദീപ് സിദ്ദുവിന്റെ മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പോലീസ് പറഞ്ഞു.
2015ല്‍ ‘രംതാ ജോഗി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പ്രവേശനം നടത്തിയ ദീപ്, സണ്ണി ഡിയോളിന്റെ അടുത്ത അനുയായിയായിരുന്നു. 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ദീപ് സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ കര്‍ഷക സമരത്തിനിടെ പോലീസ് അറസ്‌റ്റ് ചെയ്‌തതോടെ സണ്ണി ഡിയോള്‍ സിദ്ദുവിനെ തള്ളിപറഞ്ഞു രംഗത്തുവന്നു.
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയെന്നായിരുന്നു ദീപ് സിദ്ദുവിന് എതിരായ ആരോപണം. സുരക്ഷാ ഉദ്യോഗസ്‌ഥരെ ആക്രമിച്ച ശേഷം ചെങ്കോട്ടയില്‍ കടന്ന സിദ്ദുവും സംഘവും സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു.
പിന്നീട് മോദിക്കും അമിത് ഷാക്കും ഒപ്പം നില്‍ക്കുന്ന ദീപ് സിദ്ദുവിന്റെ ചിത്രങ്ങളും കര്‍ഷക സമര സംഘര്‍ഷത്തിനിടെ പുറത്തുവന്നിരുന്നു. ചെങ്കോട്ടയിലേക്ക് ആളുകളെ എത്തിച്ചതും സിഖ് പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന് കർഷക നേതാക്കളും ആരോപിച്ചിരുന്നു.
Most Read: വിചാരണ തീരുന്നത് വരെ മാദ്ധ്യമ വാർത്തകൾ വിലക്കണം; ദിലീപിന്റെ ഹരജി 24ന്