ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ചു ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭാ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു.
ജലപീരങ്കിക്ക് നേരെ പ്രവർത്തകർ കല്ലും കമ്പുകളും എറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എപി പ്രവീണിനെ പോലീസ് സംഘം വളഞ്ഞിട്ടു തല്ലി. ബാരിക്കേഡ് മറികടന്ന് ഒറ്റയ്‌ക്ക് ഉള്ളിലേക്ക് കടന്ന പ്രവീണിനെ പോലീസ് മർദ്ദിക്കുകയായിരുന്നു. ലാത്തികൊണ്ടുള്ള മർദ്ദനത്തിൽ പ്രവീണിന്റെ തലക്ക് പരിക്കേറ്റു. വനിതാ പ്രവർത്തകർക്ക് നേരെയും മർദ്ദനമുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് അരിത ബാബു ഉൾപ്പടെയുള്ളവരെ അറസ്‌റ്റ് ചെയ്‌ത് നീക്കി. പരിക്കേറ്റ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി ജങ്ഷനിൽ റോഡ് ഉപരോധിച്ചു. ഡിവൈഎസ്‌പി ജയരാജിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമാണ് സ്‌ഥലത്തുള്ളത്.
Most Read| മാസപ്പടി വിവാദം; രേഖകൾ സമർപ്പിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം