കൊച്ചി: സംസ്‌ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും ഉൾപ്പടെ പലയിടത്തും കനത്ത മഴ. കാലാവസ്‌ഥാ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും കൊച്ചിയിൽ രാത്രി മുതൽ ഇടവിട്ട് പെയ്‌ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് മുന്നിലെ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു.
അതേസമയം ഡ്രെയിനേജ് പ്രശ്‌നം പരിഹരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിലും, ആലുവയിലും കൊച്ചി നഗരത്തിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ താഴ്‌ന്ന പ്രദേശങ്ങളിലും, കലൂർ സ്‌റ്റേഡിയത്തിന് സമീപമുള്ള നൂറോളം വീടുകളിലും വെള്ളം കയറിയിരുന്നു. കളമശ്ശേരിയിലെ എംആർ തങ്കപ്പൻ റോഡിലെ വീടുകളിൽ നിന്ന് എട്ട് കുടുംബങ്ങളെ മാറ്റി മാർപ്പിച്ചു. നാട്ടുകാർ പ്രതിഷേധവുമായി എത്തിയപ്പോൾ പരിഹാരമുണ്ടാക്കാമെന്ന് അധികൃതർ വാഗ്‍ദാനം നൽകിയിരുന്നുവെങ്കിലും അടുത്ത മഴയ്‌ക്ക് തന്നെ വീണ്ടും വെള്ളം കയറിയിരിക്കുകയാണ്.
നിലവിൽ കാലവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ലഭിക്കുന്നതെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവർഷത്തിന്റെ ഭാഗമായുള്ള തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്‌തമായിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്കും മണിക്കൂറിൽ 40 കീമി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.
Most Read: വിസ്‌മയ കേസ്; പ്രതി കിരണിന്റെ ശിക്ഷാ വിധി ഇന്ന്