ജയ്‌പൂർ: രാജസ്‌ഥാനിലെ മുതിര്‍ന്ന ബിജെപി നേതാവും രാജ്സമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്‌ച രാത്രിയായിരുന്നു അന്ത്യം. 59 വയസായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുര്‍ഗോണിലെ മെദാന്ത ആശുപത്രിയില്‍ കോവിഡ് ചികില്‍സയില്‍ ആയിരുന്നു ഇവര്‍. മൂന്ന് തവണ രാജ്സമന്ദില്‍ നിന്നും എംഎല്‍എയായ വ്യക്‌തിയാണ് കിരണ്‍ മഹേശ്വരി.
‘ബിജെപി നേതാവും രാജ്സമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരി ജിയുടെ അകാല നിര്യാണത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുകയാണ്. അവരുടെ ബന്ധുക്കളുടേയും കുടുംബത്തിന്റേയും ദു:ഖത്തില്‍ പങ്കുചേരുന്നു’, രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ള, അസംബ്ളി സ്‌പീക്കര്‍ സിപി ജോഷി, ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ തുടങ്ങിയ നേതാക്കളും കിരണ്‍ മഹേശ്വരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Read also: തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി രജനീകാന്ത് പാർട്ടി ആരംഭിക്കും; റിപ്പോർട്ട്