ചെന്നൈ: 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രജനീകാന്ത് തന്റെ രാഷ്‌ട്രീയ പാർട്ടി ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇന്ന് ചെന്നൈയിൽ ചേരുന്ന രജനി മക്കള്‍ മന്‍ഡ്രത്തിന്റെ യോഗത്തിൽ പാർട്ടി പ്രഖ്യാപനത്തിന്റെ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ചെന്നൈ കോടമ്പാക്കത്ത് രജനി കാന്തിന്റെ ഉടമസ്‌ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം നടക്കുന്നത്.
യോഗത്തിൽ രജനി മക്കൾ മന്‍ഡ്രത്തിന്റെ ജില്ലാ സെക്രട്ടറിമാർ പങ്കെടുക്കും. രജനീകാന്ത് പാർട്ടിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആകണമെന്ന പ്രവർത്തകരുടെ ആവശ്യവും യോഗത്തിൽ ചർച്ച ചെയ്യും. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം രാഷ്‌ട്രീയ കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് ഡോക്‌ടർമാർ രജനീകാന്തിനെ ഉപദേശിച്ചിരുന്നു. ഇതിന് ശേഷം ആദ്യമായാണ് അദ്ദേഹം പാർട്ടി യോഗം വിളിച്ചത്.
Also Read: പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു, 82.34 രൂപ; ഡീസൽ നിരക്ക് 72.42
രജനി മക്കൾ മന്‍ഡ്രത്തിന്റെ ഭാരവാഹികളുമായി കൂടിയാലോചിച്ച ശേഷം ശരിയായ സമയത്ത് തന്റെ രാഷ്‌ട്രീയ നിലപാട് ജനങ്ങളെ അറിയിക്കുമെന്ന് ഒരു മാസം മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. 2021 ഏപ്രിൽ-മെയ് മാസങ്ങളിലാണ് തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മക്കൾ മന്‍ഡ്രത്തിന്റെ ഭാരവാഹികളുമായി ആലോചിച്ച് നിലപാട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞതിനാൽ ഇപ്പോൾ നടക്കുന്ന സുപ്രധാന യോഗത്തിന് ശേഷം പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.