ജോയി അറയ്ക്കല്‍ അന്തരിച്ചു; കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമയാണ് യാത്ര പറഞ്ഞത്

By Backend Office, Malabar News
Joy Arakkal
Ajwa Travels

മാനന്തവാടി: പ്രമുഖ വ്യവസായി മാനന്തവാടി അറക്കല്‍ പാലസിലെ ജോയി അറയ്ക്കല്‍ എന്ന കപ്പല്‍ ജോയി (52) ദുബായില്‍ നിര്യാ തനായി. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മാനന്തവാടിക്കടുത്ത വഞ്ഞോട് സ്വദേശിയായ ജോയ് അറയ്ക്കല്‍ അടുത്തിടെ കേരളത്തിലെ ഏറ്റവും വലിയ വീട് നിര്‍മ്മിച്ച് ശ്രദ്ധേയനായിരുന്നു. ഒരു വര്‍ഷം മുമ്പാണ് 45000 സ്‌ക്വയര്‍ഫീറ്റുള്ള അറക്കല്‍ പാലസ് എന്ന വീട്ടില്‍ താമസം തുടങ്ങിയത്.

Joy Arackal’s Innova Refining and Trading Logo

കുടുംബസമേതം ദുബായിലായിരുന്നു. മൂന്ന് മാസം മുമ്പായിരുന്നു നാട്ടില്‍ വന്ന് പോയത്. അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വന്നിരുന്ന അദ്ദേഹം നിരവധി കമ്പനികളില്‍ ഡയറക്ടറും മാനേജിംഗ് ഡയറക്ടറും ആണ്. വയനാട്ടിലെ നിരവധിയായ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു ജോയി. ഡയാലിസിസ്, ഭവനനിര്‍മാണ പദ്ധതികള്‍ക്കും പിന്തുണ നല്‍കിയിരുന്നു. വന്‍കിട നിക്ഷേപകര്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വിസയും ലഭിച്ചിരുന്നു. പ്രധാനമായും യുഎഇ കേന്ദ്രീകരിച്ചുള്ള ക്രൂഡ് ഓയില്‍ വ്യാപാരമാണ് ജോയ് നടത്തിയിരുന്നത്. ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികളാണ് രണ്ടു മക്കള്‍ അരുണ്‍, ആഷ്ലി. സെലിനാണ് ഭാര്യ.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നാണ് ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം. മരണവിവരമറിഞ്ഞത് മുതല്‍ വള്ളിയൂര്‍ക്കാവി റോഡിലെ അറയ്ക്കല്‍ പാലസിലേക്ക് ജനപ്രതിനിധികളും വ്യവസായ പ്രമുഖരുമടക്കം നാടൊന്നാകെയെത്തിയിരുന്നു. സാമൂഹിക അകലം പാലിച്ചാണ് ആളുകളെ വീടിനകത്തേക്ക് പ്രവേശിപ്പിച്ചത്. സാധാരണക്കാരനായി ജീവിച്ച ജോയി പിന്നീട് ധനികനായെങ്കിലും നല്ലൊരു ശതമാനവും ചിലവഴിച്ചത് പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നു.

അരുണ്‍ അഗ്രോ ഫാംസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, അരുണ്‍ അഗ്രോ വെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, വയനാട് അഗ്രോ മൂവ്മെന്റ് ടീ കമ്പനി, ഹെഡ്ജ് ഇക്യൂറ്റീസ് ലിമിറ്റഡ്, കോഫീ ഇന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, പെട്രോള്‍ ഇന്നോവ പ്രൈവറ്റ് ലിമിറ്റഡ്, അരുണ്‍ എക്സ്പോര്‍ട്ട്സ് ആന്റ് ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ദി ഫ്രിംഗ് ഫോര്‍ഡ് എസ്റ്റേറ്റ്സ് എന്നിവയില്‍ പ്രധാന ഓഹരി ഉടമയായിരുന്നു ജോയി അറക്കല്‍. 2009 മുതലാണ് കൂടുതല്‍ കമ്പനികള്‍ തുടങ്ങിയതും നിക്ഷേപം നടത്തിയതും. കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തില്‍ നിന്ന് കഠിനാദ്ധ്വാനം കൊണ്ട് ആഗോള തലത്തില്‍ അറിയപ്പെടുന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. പുതുശേരി വഞ്ഞോട് അറയ്ക്കല്‍ ഉലഹന്നാന്റെയും പരേതനായ ത്രേസ്യയുടെയും മകനാണ് ജോയി. ചാക്കോ, വര്‍ഗീസ്, മേരി, അന്ന ജോണി എന്നിവരാണ് സഹോദരങ്ങള്‍.

YOU MAY LIKE