കണ്ണൂർ: ഇരിട്ടി നഗരത്തിലെ ഐഡിയൽ ഇലക്‌ട്രിക് പവർ ടൂൾസ് കടയിൽ കവർച്ച നടത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. നടുവിൽ പുലിക്കുരുമ്പയിലെ നെടുമല സന്തോഷിനെയാണ് പോലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്. ഇരിട്ടിയിലെ കടയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ മാസം ഏഴിനാണ് കവർച്ച നടത്തിയത്. പുതിയ സ്‌റ്റാൻഡിലെ കടയുടെ പൂട്ട് പൊളിച്ചാണ് പ്രതി 1,03,000 രൂപ കവർന്നത്.
ഇരിട്ടിയിൽ കവർച്ച നടത്തുന്നതിന്റെ തലേദിവസം ശ്രീകണ്‌ഠാപുരം കൂട്ടുമുഖത്ത് മലഞ്ചരക്ക് കട കുത്തിത്തുറന്ന് പ്രതി റബ്ബർ ഷീറ്റ് മോഷ്‌ടിച്ചിരുന്നു. തുടർന്ന് ഇരിട്ടിയിലെ സിസിടിവി ദൃശ്യത്തിൽ നിന്ന് കവർച്ച നടത്തിയത് സന്തോഷാണെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് എസ്‌ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ശ്രീകണ്‌ഠാപുരത്ത് നിന്ന് പിടിയിലായത്. കവർച്ച ചെയ്‌ത പണത്തിൽ നിന്ന് 76,000 രൂപ കണ്ടെത്തിയിട്ടുണ്ട്.
വിവിധ ഇടങ്ങളിലായി അറുപതോളം മോഷണ കേസുകളിൽ സന്തോഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇയാളെ പിടികൂടിയാലും ജയിൽ മോചിതനാകുമ്പോൾ ഇയാൾ വീണ്ടും കവർച്ച നടത്തും. കടകളുടെ ചുമർ തുരന്നാണ് മോഷണം. ഇരിട്ടിയിൽ കവർച്ച നടത്തുന്നതിനിടെ മുഖം തിരിച്ചറിയാതിരിക്കാൻ നിരീക്ഷണ ക്യാമറകൾ മറച്ചിരുന്നു. കൂടാതെ ക്യാമറയുടെ ദിശ മാറ്റി വെക്കുകയും ട്യൂബ് ലൈറ്റുകൾ അടിച്ചു തകർക്കുകയും ചെയ്‌തിരുന്നു.
Most Read: വർക്ക് ഫ്രം ഹോം നടപ്പാക്കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയിൽ