തിരുവനന്തപുരം: എൻ. ശേഷാദ്രിനാഥനെ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ശേഷാദ്രിനാഥനെ കമ്മീഷണറായി നിയമിക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ ഗവർണർ അംഗീകരിക്കുകയായിരുന്നു. ഭരണ മുന്നണിയിൽ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് ഗവർണർ നിയമനത്തിന് അംഗീകാരം നൽകിയത്.
ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന് ചില കോൺഗ്രസ് നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി പിഎം. നിയാസാണ് നിയമനത്തിൽ പ്രധാനമായും എതിർപ്പ് ഉന്നയിച്ചത്. മാർച്ച് 30ന് എ. ഷാജഹാൻ സ്‌ഥാനം ഒഴിഞ്ഞശേഷം മൂന്നുമാസത്തോളമായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ സ്‌ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
പിന്നീടാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ജില്ലാ കോടതി ജഡ്‌ജിയായ ശേഷാദ്രിനാഥനെ നിയമിക്കാൻ തീരുമാനിച്ചത്. എറണാകുളം സ്വദേശിയാണ് ശേഷാദ്രിനാഥൻ. 2018 ഫെബ്രുവരിയിലാണ് ജില്ലാ ജഡ്‌ജിയാകുന്നത്. കണ്ണൂർ തളിപ്പറമ്പ് മോട്ടോർ ആക്‌സിഡന്റ്സ് ക്ളെയിംസ് ട്രൈബ്യൂണൽ, എറണാകുളം അഡീഷണൽ ജില്ലാ ജഡ്‌ജി, തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്‌ജി എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചു.
തുടർന്ന് കേരള സഹകരണ ട്രൈബ്യൂണൽ, കൊച്ചിയിലെ സ്‌പെഷ്യൽ ജഡ്‌ജി, കവരത്തി ജില്ലാ ജഡ്‌ജി എന്നിങ്ങനെയും പ്രവർത്തിച്ചു. 1990 ജനുവരി 13നാണ് അഭിഭാഷകനായി എന്റോൾ ചെയ്‌തത്. 2000ൽ കേരള ജുഡീഷ്യൽ സർവീസിൽ മുൻസിഫ് മജിസ്‌ട്രേറ്റായി തിരഞ്ഞെടുക്കപ്പെട്ടു. 2026 മേയ് 31ന് ജുഡീഷ്യൽ സർവീസിൽ നിന്ന് വിരമിച്ചു. സേവനകാലാവധി നീട്ടിയതിനെ തുടർന്ന് ഇരിങ്ങാലക്കുട കുടുംബക്കോടതി ജഡ്‌ജിയായി പ്രവർത്തിക്കുകയായിരുന്നു.
Most Read| ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കെസിഎ; ഇനി ആവർത്തിച്ചാൽ കർശന നടപടി



































