കോവിഡിന്റെ സങ്കീർണതകളും അപകട സാധ്യതയും; സോഡിയം അളവിന് മുഖ്യ പങ്കെന്ന് പഠനം

By Desk Reporter, Malabar News
covid-19
Representational Image
Ajwa Travels

ശ്വാസകോശ രോഗങ്ങൾ, പ്രമേഹം ഹൈപ്പർടെൻഷൻ തുടങ്ങി കോവിഡ്-19ന്റെ അപകട സാധ്യത കൂട്ടുന്ന പല ഘടകങ്ങളും ഉണ്ട്. ഇക്കൂട്ടത്തിലേക്ക് ഒന്നുകൂടെ കൂട്ടിച്ചേർക്കപ്പെടുകയാണ്; സോഡിയം അസന്തുലിതാവസ്‌ഥ ആണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട കാരണം. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ ക്ളിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കോവിഡും അസന്തുലിതാവസ്‌ഥയിൽ ഉള്ള സോഡിയം തോതുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ ശ്വാസകോശം നിലച്ച് മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.

കുറഞ്ഞ സോഡിയം തോതുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികള്‍ക്ക് ശ്വസനസഹായിയുടെ പിന്തുണ വേണ്ടിവരാനുള്ള സാധ്യത സാധാരണ കോവിഡ് രോഗിയെ അപേക്ഷിച്ച് ഇരട്ടിയാണെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് (യുസിഎൽ) മെഡിക്കൽ സ്‌കൂളിലെ എൻ‌ഡോക്രൈനോളജി അസോസിയേറ്റ് പ്രൊഫസർ പറയുന്നു.

കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിക്കപ്പെട്ട് ലണ്ടനിലെ യുസിഎല്‍ ഹോസ്‌പിറ്റൽ, വിറ്റിങ്ടണ്‍ ഹോസ്‌പിറ്റൽ എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട 488 രോഗികളിലാണ് പഠനം നടത്തിയത്. ഏകദേശം 68 വയസ് പ്രായമുള്ള 277 പുരുഷൻമാരിലും 211 സ്‌ത്രീകളിലുമായിരുന്നു പഠനം. ശരാശരി 8 ദിവസത്തോളം ഇവര്‍ ആശുപത്രിയില്‍ ചെലവഴിച്ചു.

ആശുപത്രി പ്രവേശന സമയത്ത് സോഡിയം തോത് കുറവുള്ള കോവിഡ് രോഗികളില്‍ 32 ശതമാനത്തിനും ബ്രീത്തിങ്ങ് ട്യൂബും വെന്റിലേറ്റര്‍ സഹായവും വേണ്ടി വന്നു. ചികിൽസയിൽ ഇരിക്കെ ഉയര്‍ന്ന സോഡിയം തോത് റിപ്പോർട് ചെയ്യപ്പെട്ടവരില്‍ 56 ശതമാനം പേരും മരണപ്പെടുകയും ചെയ്‌തു.

ആരോഗ്യമുള്ള ശരീരം നിലനിർത്താൻ സോഡിയത്തിന്റെയും വെള്ളത്തിന്റെയും ബാലൻസ് ആവശ്യമാണ്. സാധാരണയായി, ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നത് ആന്റിഡ്യൂറിറ്റിക് ഹോർമോൺ വാസോപ്രെസിൻ ആണ്, ഇത് തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ നിന്ന് പുറത്തുവിടുന്നു. ആന്റിഡ്യൂറിറ്റിക് ഹോർമോണുകൾ വൃക്കയിലൂടെ ഫിൽട്ടർ ചെയ്യുന്ന ജലത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ കോവിഡ്-19 അണുബാധ ഈ പ്രക്രിയയെ തടസപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതിനാൽ, കോവിഡ് പോസിറ്റീവ് ആകുന്നവരുടെ രക്‌തം പരിശോധിച്ച് സോഡിയത്തിന്റെ അളവ് മനസിലാക്കാൻ ശ്രമിക്കണമെന്ന് പഠനം ആവശ്യപ്പെടുന്നു. വലിയ ചിലവില്ലാതെ നടക്കുന്ന ഈ പരിശോധനയിലൂടെ സോഡിയം തോത് അറിയാന്‍ സാധിക്കും.

ഇതിലൂടെ ഡോക്‌ടർമാര്‍ക്ക് കോവിഡ് ബാധിതരുടെ ആരോഗ്യം വഷളാകാനും മരണമുണ്ടാകാനും ഉള്ള സാധ്യത പ്രവചിക്കാനാകുമെന്ന് പഠനം പറയുന്നു. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണോ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ ഇടണോ എന്നതെല്ലാം തീരുമാനിക്കാനും സോഡിയം തോത് സഹായിക്കും. കോവിഡ് പോസിറ്റീവ് ആയവർ നിർജലീകരണം ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു.

Also Read:  പ്രഭാതത്തില്‍ ഒരു ഗ്ളാസ് നാരങ്ങാവെള്ളം; അനുഭവിച്ചറിയാം മാറ്റങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE