കാസർഗോഡ്: സംസ്‌ഥാനത്ത് വനിതകൾക്ക് മാത്രമായുള്ള ആദ്യ സ്‌റ്റേഡിയം കാസർഗോഡ് ഒരുക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ. കാസർഗോഡ് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് വനിതകൾക്കായുള്ള ‘പിങ്ക് സ്‌റ്റേഡിയ’മായി മാറുക. നഗരസഭയുടെ ഒന്നര ഏക്കര്‍ സ്‌ഥലം ഇതിനായി ഉപയോഗപ്പെടുത്തും. നഗരസഭാ ചെയര്‍മാന്‍ ഉൾപ്പടെ ഉള്ളവരുമായി ഇക്കാര്യം സംസാരിച്ചെന്നും മന്ത്രി വ്യക്‌തമാക്കി.
പെണ്‍കുട്ടികള്‍ക്ക് സൈക്ളിങ്, കളരി, കരാട്ടെ, ജൂഡോ തുടങ്ങിയ കായിക ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതല്‍ പെൺകുട്ടികളെ കളിക്കളത്തിലേക്ക് ആകര്‍ഷിക്കാനും കായികരംഗത്ത് മികച്ച വനിതാ താരങ്ങളെ സൃഷ്‌ടിക്കാനും ഇതു വഴി സാധിക്കുമെന്ന് മന്ത്രി പറയുന്നു.
രാവിലെയും വൈകിട്ടും തടസങ്ങളില്ലാതെ പെണ്‍കുട്ടികള്‍ക്ക് ഈ സ്‌റ്റേഡിയത്തിൽ പരിശീലനം സാധ്യമാകും. സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ എന്‍ജിനീയറിങ് വിഭാഗം സ്‌ഥലത്ത് പരിശോധന നടത്തും. കളക്‌ടർ, നഗരസഭാ അധികൃതര്‍ എന്നിവരുമായി സംസാരിച്ച് പദ്ധതി തയ്യാറാക്കും.
പിങ്ക് സ്‌റ്റേഡിയമാക്കി മാറ്റുന്ന താളിപ്പടുപ്പ് മൈതാനം മന്ത്രി സന്ദര്‍ശിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കളക്‌ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കായിക വകുപ്പ് ഡയറക്‌ടർ ജെറോമിക് ജോര്‍ജ്, കാസർഗോഡ് നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, സംസ്‌ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് മേഴ്‌സി കുട്ടന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Most Read: കോളിച്ചാൽ സപ്‌ളൈകോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന; ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി