തിരുവനന്തപുരം: നടിയെ പീഡിപ്പിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തും. നാളെ രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിൽ വച്ചാണ് കൂടിക്കാഴ്‌ച നടത്തുന്നത്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്ന ആരോപണവുമായി അതിജീവിത ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നത്.
അതിജീവിത സമർപ്പിച്ച ഹരജി ഇന്ന് കോടതി പരിഗണിച്ച സാഹചര്യത്തിൽ, സർക്കാരിനെതിരെ ഉന്നയിച്ച ആരോപണം തെറ്റാണെന്നും ആരോപണം ഉന്നയിച്ച സാഹചര്യം എന്താണെന്ന് അറിയില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. കൂടാതെ അതിജീവിത ഹരജി പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥനയെന്നും ഡിജിപി വ്യക്‌തമാക്കി.
കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പിന്തുണയ്‌ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്‌ത സർക്കാർ രാഷ്‌ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം പിൻവാങ്ങുകയാണെന്നും, പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കം നടത്തുകയാണെന്നും വ്യക്‌തമാക്കിയാണ് അതിജീവിത കോടതിയിൽ ഹരജി സമർപ്പിച്ചത്. അതിന് പിന്നാലെ സർക്കാർ അതിജീവിതക്കൊപ്പമാണെന്നും കേസിൽ നീതി ഉറപ്പാക്കുമെന്നും വ്യക്‌തമാക്കി മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ രംഗത്ത് വന്നിരുന്നു.
Read also: തിരിച്ചറിയൽ രേഖ ചോദിച്ച പോലീസുകാർക്ക് മർദ്ദനം; പ്രവാസിക്ക് ജയിൽശിക്ഷ