ദുബായ്: തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട പോലീസുകാരെ മർദ്ദിച്ച സംഭവത്തിൽ പ്രവാസിക്ക് ദുബായ് ക്രിമിനൽ കോടതി മൂന്നുമാസം ജയിൽശിക്ഷ വിധിച്ചു. സന്ദർശക വിസയിൽ യുഎഇയിൽ എത്തിയ ആഫ്രിക്കക്കാരനാണ് അറസ്‌റ്റിലായത്. ഇയാളുടെ വിസാ കാലാവധി അവസാനിച്ചിട്ടും നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ച് വരികയായിരുന്നു.
തിരിച്ചറിയൽ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ട രണ്ട് പോലീസുകാരെ ഇയാൾ മർദ്ദിച്ചുവെന്നാണ് കേസ്. ‘നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്ന’ പ്രവാസി പോലീസുകാരെ മർദ്ദിക്കുകയും അറസ്‌റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കുകയും ചെയ്‌തതായി കേസ് രേഖകൾ വ്യക്‌തമാക്കുന്നു. പോലീസുകാരെ തള്ളിമാറ്റിയ ശേഷം അവരെ ചവിട്ടുകയും സ്‌ഥലത്ത് നിന്ന് ഓടി രക്ഷപെടുകയും ചെയ്‌തു. എന്നാൽ, അൽപദൂരം മുന്നോട്ട് പോയപ്പോൾ കാൽ വഴുതി നിലത്തുവീഴുകയായിരുന്നു.
ഇതോടെ പോലീസുകാർ ഇയാളെ പിടികൂടി. തുടർന്ന് വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ വിധിക്കുകയായിരുന്നു. മൂന്ന് മാസത്തെ ജയിൽശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയിൽ നിന്ന് നാടുകടത്തണമെന്നാണ് കോടതി വിധി.
Most Read: സൗരോർജ നഗരമാകാൻ ഒരുങ്ങി തിരുവനന്തപുരം