തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ചു പ്രതിപക്ഷം. നിയമസഭ ഇന്നും പ്രതിഷേധങ്ങളാൽ പ്രക്ഷുബ്‌ധമായി. സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ചു അഞ്ചു പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്‌ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്‌തീൻ, എകെഎം അഷ്റഫ് എന്നിവരാണ് ഇന്ന് മുതൽ സത്യഗ്രഹം ഇരിക്കുന്നത്.
ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് പ്രതിപക്ഷം. ഇന്നും പ്ളക്കാർഡുകളുമായി എത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രശ്‌നപരിഹാരത്തിനായി സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ധിക്കാരം നിറഞ്ഞ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.
അതേസമയം, നിയമസഭയിലെ പ്രതിപക്ഷ സത്യഗ്രഹ സമരത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തി. സഭാ നടത്തിപ്പിനോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും കേരളം പോലുള്ള നിയമസഭയ്‌ക്ക് ഇത് ചേർന്നതല്ലെന്നും മന്ത്രി കെ രാജൻ ആരോപിച്ചു. എന്നാൽ, ഒരു വിട്ടുവീഴ്‌ചക്കും തയ്യാറാകാതെ നിലപാട് കടുപ്പിച്ചു സഭയിൽ പ്രതിഷേധിക്കുകയാണ് പ്രതിപക്ഷം.
പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിലൂടെ കാണിക്കുന്നില്ല. തികച്ചും ഏകപക്ഷീയമായി, പ്രതിഷേധങ്ങൾ ഒഴിവാക്കിയുള്ള ദൃശ്യങ്ങളാണ് സഭാ ടിവിയിലൂടെ കാണിക്കുന്നത്. ഇതിനെതിരെ മാദ്ധ്യമ പ്രവർത്തകരും മാദ്ധ്യമ കൂട്ടായ്‌മകളും സ്‌പീക്കറെ നേരിട്ട് കണ്ടു സംസാരിച്ചിരുന്നുവെങ്കിലും പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങൾ ഇതുവരെയും സഭാ ടിവിയിലൂടെ കാണിച്ചിട്ടില്ല. ഇതിനെതിരെയും പ്രതിപക്ഷം കടുത്ത എതിർപ്പിലാണ്.
Most Read: മുല്ലപ്പെരിയാർ സുരക്ഷ; കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും