കാസർഗോഡ്: റെയിൽവേ സ്‌റ്റേഷനിലെ ആൺ റിസർവ്‌ഡ് ടിക്കറ്റ് കൗണ്ടറിൽ നിന്ന് പണം മോഷ്‌ടിച്ച ജീവനക്കാരൻ ക്യാമറയിൽ കുടുങ്ങി. ജില്ലയിലെ ഒരു പ്രധാന റെയിൽവേ സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ടിക്കറ്റ് കൗണ്ടറിനു സമീപത്തായി റെയിൽവേ റിട്ട. ജീവനക്കാരൻ നടത്തുന്ന അൺ റിസർവ്‌ഡ് ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് വിറ്റുകിട്ടിയ ആയിരത്തിലധികം രൂപയാണ് കവർന്നത്.
യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ കൗണ്ടറിൽ ഉണ്ടായിരുന്നയാൾ അൽപസമയം വിശ്രമിക്കാനായി പുറത്തുപോയപ്പോഴാണ് ടിക്കറ്റ് മെഷീനിലെ ബോക്‌സിൽ സൂക്ഷിച്ച പണവുമായി കടന്നു കളഞ്ഞത്. പിന്നീട് കൗണ്ടറിലെത്തിയ ജീവനക്കാരൻ നോക്കിയപ്പോഴാണ് പണം നഷ്‌ടമായ വിവരം അറിയുന്നത്. റെയിൽവേ ടിക്കറ്റ് കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരോട് ഇതേക്കുറിച്ച് തിരക്കിയെങ്കിലും വിവരമൊന്നും ഉണ്ടായിരുന്നില്ല.
തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്‌ഥരോട് പരാതിപ്പെട്ടു. അവരെത്തി സിസിടിവി പരിശോധിച്ചപ്പോഴാണ് കൗണ്ടറിലെ കള്ളൻ വെളിച്ചത്തായത്. ആരോപണ വിധേയനായ ജീവനക്കാരനോട് ആർപിഎഫ് ഉദ്യോഗസ്‌ഥർ ആദ്യം വിവരങ്ങൾ ചോദിച്ചെങ്കിലും കണ്ടില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കാണിച്ചതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
രേഖാമൂലം പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. കവർന്ന പണം തിരികെ നൽകി ജീവനക്കാരൻ തടിയൂരുകയും ചെയ്‌തു.
Most Read: കൊള്ളസംഘത്തെ കീഴടക്കി 18കാരി; രക്ഷിച്ചത് സ്വന്തം ജീവനൊപ്പം സഹോദരിയുടെ ജീവനും