റെയ്‌നയെ പോലെ കൂടുതല്‍ താരങ്ങളും നാട്ടിലേക്ക് മടങ്ങിയേക്കും; മുന്നറിയിപ്പുമായി പാഡി അപ്ടണ്‍

By Staff Reporter, Malabar News
sports image_malabar news
Paddy Upton

അബുദാബി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കടുത്ത നിയന്ത്രണങ്ങളോടെയാണ് നടത്താനൊരുങ്ങുന്നത്. താരങ്ങള്‍ക്ക് ആറ് ദിവസത്തെ ക്വാറന്റെയിനടക്കം കടുത്ത നിയന്ത്രണ ചട്ടങ്ങള്‍ ബിസിസിഐ പുറത്തിറക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ താരങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയത് നിരവധി അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങിയത് അമ്മാവന്‍ മരണപ്പെട്ടതിനെത്തുടര്‍ന്നാണെന്നും അതല്ല ഹോട്ടല്‍ റൂമിന്റെ പേരിലുള്ള പ്രശ്നങ്ങളെത്തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ റെയ്‌നയും സിഎസ്‌കെ മാനേജ്മെന്റും രസത്തിലല്ലെന്നും ഇനി ടീമിലേക്ക് റെയ്‌ന ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ ഒരു പ്രധാന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായ പാഡി അപ്ടണ്‍. സീസണില്‍ കൂടുതല്‍ റെയ്‌നമാര്‍ ഉണ്ടായേക്കാം എന്നാണ് പാഡി അപ്ടണ്‍ന്റെ വാദം.

കുറച്ച് താരങ്ങള്‍ കൂടി സുരേഷ് റെയ്ന സഞ്ചരിച്ച അതേ ബോട്ടില്‍ സഞ്ചരിക്കുന്നുണ്ടെന്നും ബുദ്ധിയുള്ള ടീമുകള്‍ താരങ്ങളുടെ മാനസിക സ്ഥിതി മനസിലാക്കി താരങ്ങളെ പിന്തുണക്കാനുള്ള സംവിധാനം തയ്യാറാക്കുമെന്നാണ് കരുതുന്നതെന്നും പാഡി അപ്ടണ്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന സുപരിചിതമല്ലാത്ത കാര്യങ്ങള്‍ താരങ്ങളെ മാനസികമായി ഏറെ ബാധിക്കും. ക്വാറന്റെയിനില്‍ ആയിരിക്കെ മറ്റ് സഹതാരങ്ങളുടെ റൂമില്‍ പോകാനുള്ള അനുമതി ഇവര്‍ക്കില്ല. മാത്രവുമല്ല രണ്ട് മീറ്ററിലധികം സാമൂഹിക അകലവും താരങ്ങള്‍ പാലിച്ചിരിക്കണം.

സാമൂഹിക അകലം ഉറപ്പ് വരുത്തുന്നതിനായി താരങ്ങള്‍ക്ക് ഓരോ ബാന്‍ഡ് വീതം നല്‍കിയിട്ടുണ്ട്. അകലം തെറ്റിച്ചാല്‍ ബാന്‍ഡിലെ അലാറം താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഇത്തരം കടുത്ത നിയന്ത്രണങ്ങളാല്‍ പല താരങ്ങളും കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഇത് മൂലം പല സൂപ്പര്‍ താരങ്ങളും സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടേക്കാമെന്നും ശരാശരി താരങ്ങളാവും ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങുകയെന്നും പാഡി അപ്ടണ്‍ അഭിപ്രായപ്പെട്ടു.

താരങ്ങള്‍ക്ക് പരസ്പരം സംസാരിക്കാന്‍ അവസരം ലഭിക്കുന്നത് ടീം മീറ്റിങ്ങിനും പരിശീലനത്തിനും സ്വിമ്മിങ്ങ് പൂളിലും മാത്രമാണ്. എന്നാല്‍ ഇവിടെയും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നാണ് നിര്‍ദേശം. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും പരിശീലനം ആരംഭിച്ചതില്‍ താരങ്ങള്‍ സന്തോഷവാന്മാര്‍ ആണെങ്കിലും ഇത്തരം നിയന്ത്രണങ്ങള്‍ അവരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. മാത്രവുമല്ല നിലവിലെ കോവിഡ് സാഹചര്യത്തില്‍ കുടുംബത്തെ പിരിഞ്ഞിരിക്കുന്നതും പല താരങ്ങളുടെയും സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ടെന്നും പാഡി അപ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെ മികച്ച രീതിയില്‍ പരിഗണിച്ച് കൈകാര്യം ചെയ്യുന്നവര്‍ മാത്രമേ നേട്ടമുണ്ടാക്കുവെന്നും പാഡി അഭിപ്രായപ്പെട്ടു.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE