കാസർഗോഡ്: 13-കാരനെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നുപേരെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്ച രാത്രി ഉദുമയിലാണ് സംഭവം. ഉദുമ ഈച്ചിലിങ്കാലിലെ പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടിയെ പിടിച്ച് ഓട്ടോയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുതറിയോടി വീട്ടിൽ വിവരം പറയുകയായിരുന്നു.
ഉടൻ കുട്ടിയുടെ വീട്ടുകാർ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഉദുമ വില്ലേജ് ഓഫിസിന് പിറകുവശത്തെ ഇടവഴിയിൽ ഓട്ടോ കണ്ടെത്തുകയായിരുന്നു. നാട്ടുകാരെ കണ്ടതോടെ ഓട്ടോയിലുള്ളവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടുപേർ നാട്ടുകാരുടെ പിടിയിലായി. ഒരാൾ ഓടിരക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവറും, കൊല്ലം കുണ്ടറ സ്വദേശിയുമാണ് അറസ്റ്റിലായത്.
സ്ഥലത്തെത്തിയ ബേക്കൽ പോലീസ് രണ്ടുപേരെയും ഓട്ടോയും കസ്റ്റഡിയിൽ എടുത്തു. ഓടിരക്ഷപെട്ട ആളെ അന്നേദിവസം രാത്രി ഉദുമയിലെ ഒരു ബിൽഡിങ്ങിന് മുകളിൽ ഒളിച്ച നിലയിൽ കണ്ടെത്തി. ഇയാളെയും നാട്ടുകാർ പോലീസിന് കൈമാറി. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്ന പ്രദേശം മേൽപറമ്പ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ പ്രതികളെ മേൽപറമ്പ് പോലീസിന് കൈമാറി.
Most Read: വാളയാർ കേസ്; പ്രതികളുടെ ജാമ്യഹരജി തള്ളി ഹൈക്കോടതി