മസ്കറ്റ്: ഒമാനിൽ സുപ്രീം കമ്മിറ്റിയുടെ കോവിഡ് മുൻകരുതൽ, പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച 12 പേർക്ക് വിവിധ ഗവർണറേറ്റുകളിലെ പ്രാഥമിക കോടതികൾ തടവുശിക്ഷയും പിഴയും വിധിച്ചു. ഹോം ക്വാറന്റീൻ ലംഘനം, കൂട്ടംകൂടി നിൽക്കൽ, രാത്രി സഞ്ചാര വിലക്ക് ലംഘനം എന്നിവക്കാണ് ശിക്ഷ വിധിച്ചത്.
Also Read: ഇഡി ഡയറക്ടറുടെ കാലാവധി ഒരുവര്‍ഷം നീട്ടി നല്കി കേന്ദ്രം; അസാധാരണ നടപടി
പ്രവാസി മലയാളിക്ക് ഹോം ക്വാറന്റീൻ ലംഘിച്ചതിന് ഒരു മാസം തടവും 100 റിയാൽ പിഴയുമാണ് ശിക്ഷ വിധിച്ചത്. രാത്രി സഞ്ചാര വിലക്ക് ലംഘിച്ച സ്വദേശിക്ക് മൂന്ന് മാസം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. മസ്കറ്റ്, ദാഖിലിയ, വടക്കൻ ബാത്തിന, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിലെ പ്രാഥമിക കോടതികളാണ് ശിക്ഷ വിധിച്ചതെന്ന് പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചു. ശിക്ഷ ലഭിച്ചവരുടെ ചിത്രങ്ങൾ പബ്ളിക് പ്രോസിക്യൂഷൻ പുറത്ത് വിട്ടിട്ടുണ്ട്. ഇവരിൽ 8 പേർ വിദേശികളാണ്.