വിഴിഞ്ഞം സമരം; അദാനിയുടെ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

സമരത്തോട് സ്വീകരിക്കേണ്ട നയപരമായ സമീപനം ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.

By Trainee Reporter, Malabar News
kerala-High Court-vizhinjam project
Representational Image
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പദ്ധതി നിർമാണത്തിന് പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹരജിയാണ് പരിഗണിക്കുന്നത്. പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷങ്ങളെ തുടർന്ന് സ്വീകരിച്ച നടപടികൾ അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദികൻ ഉൾപ്പടെ പദ്ധതി പ്രദേശത്ത് അതിക്രമിച്ചു കയറിയെന്നും സംഘർഷം ഉണ്ടാക്കിയെന്നുമാണ് പോലീസിന്റെ സത്യവാങ്‌മൂലം. ലഹള ഉണ്ടാക്കിയവർക്കെതിരെയും പ്രേരിപ്പിച്ചവർക്ക് എതിരെയും നടപടി വേണമെന്നാണ് ആവശ്യം. വിഷയത്തിലെ തൽസ്‌ഥിതി വിവരങ്ങൾ സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.

അതേസമയം, തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം സർക്കാരിന് വലിയ വെല്ലുവിളി ആയിരിക്കുകയാണ്. സമരത്തോട് സ്വീകരിക്കേണ്ട നയപരമായ സമീപനം സിപിഎമ്മിൽ ഇന്ന് ചർച്ചയായേക്കും. ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം വിശദമായി ചർച്ചയിൽ വെക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഘർഷവും മന്ത്രി വി അബ്‌ദുറഹ്‌മാനെതിരെ ലത്തീൻ അതിരൂപത തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശവും ചർച്ചയായേക്കും.

അതിനിടെ, വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്നും കൂട്ടിച്ചേർത്തു.

ഇതിനിടെ, വിഴിഞ്ഞം സമരത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശിയായ മുൻ ഡിവൈഎസ്‌പി ഹൈക്കോടതിയിൽ പുതിയൊരു ഹരജി സമർപ്പിച്ചിട്ടുണ്ട്. ആക്രമണത്തിലെ ഗൂഢാലോചന ഉൾപ്പടെ പുറത്തുകൊണ്ടു വരണമെന്നാണ് ഹരജിയിലെ ആവശ്യം. പോലീസ് സ്‌റ്റേഷൻ ആക്രമണത്തിൽ പ്രതികൾ ആയവർക്കെതിരെ കർശന നടപടി എടുക്കണം. ഇത് സംബന്ധിച്ച് സർക്കാരിനും നിർദ്ദേശം നൽകണം. സർക്കാരിന് സാധിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെയോ കേന്ദ്രസേനയുടെയോ സഹായം തേടാൻ ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Most Read: വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; പദ്ധതി നിർത്തിവയ്‌ക്കില്ല; കടുപ്പിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE