ന്യൂഡെല്‍ഹി : കുടിവെള്ളം പാഴാക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. കുടിവെള്ളവും, ഭൂഗര്‍ഭജലവും പാഴാക്കുന്നതിന് എതിരെ കിട്ടിയ പരാതികളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജല്‍ശക്‌തി വകുപ്പിന് കീഴിലുള്ള സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയാണ് കുടിവെള്ളം പാഴാക്കുന്ന പ്രവണതക്കെതിരെ ശക്‌തമായ നടപടി സ്വീകരിച്ചിരിക്കുന്നത്. പരിസ്‌ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരമാണ് പുതിയ നിയമം.
കുടിവെള്ളം പാഴാക്കുന്നതുമായി ബന്ധപ്പെട്ട് രാജേന്ദ്ര ത്യാഗി ആണ് ഹരിത ട്രിബ്യുണലിന് പരാതി നല്‍കിയത്. കുടിവെള്ളം പാഴാക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കണം എന്നാണ് പരാതിയില്‍ രാജേന്ദ്ര ത്യാഗി ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്‌ഥാനത്തില്‍ പുതിയ വിജ്‌ഞാപനം അനുസരിച്ച് കുടിവെള്ളം പാഴാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് പിഴയായി ഈടാക്കുന്നത്. പിന്നെയും ആവര്‍ത്തിച്ചാല്‍ പിഴത്തുക വീണ്ടും കൂടുമെന്നും വിജ്‌ഞാപനത്തില്‍ പറയുന്നുണ്ട്.
കുടിവെള്ളം പാഴാക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും അത്തരം പ്രവര്‍ത്തികള്‍ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് ജല്‍ശക്‌തി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം തന്നെ കുടിവെള്ളവും ഭൂഗര്‍ഭ ജലവും പാഴാക്കുന്നത് തടയാനുള്ള നടപടികളും മാര്‍ഗങ്ങളും രൂപവല്‍ക്കരിക്കാന്‍ തദ്ദേശ സ്‌ഥാപനങ്ങളോട് നിര്‍ദേശിച്ചു. രാജ്യത്ത് കുടിവെള്ളം പാഴാക്കുന്ന നടപടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് പുതിയ വിജ്‌ഞാപനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
Read also : സ്‌നേഹത്തിനും പ്രാര്‍ഥനക്കും നന്ദി; കപില്‍ ദേവ്