വയനാട്: യൂത്ത് കോണ്‍ഗ്രസ് നേതാവായ യുവതിയെ പരസ്യമായി അപമാനിച്ച് വയനാട് ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന്‍. യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായ വനിതാ നേതാവിനെയാണ് എന്‍ഡി അപ്പച്ചന്‍ അപമാനിച്ചത്.
‘കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യാത്തവളായ ഒരുത്തി’യെന്ന് പറഞ്ഞാണ് എന്‍ഡി അപ്പച്ചന്‍ തന്നെ പരസ്യമായി അപമാനിച്ചതെന്ന് യുവതി ആരോപിച്ചു. ആദിവാസി സമൂഹത്തെയും സ്‌ത്രീത്വത്തെയും അപമാനിച്ച എന്‍ഡി അപ്പച്ചനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് വനിതാ നേതാവ് കത്ത് നൽകി.
പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളോട് പ്രത്യേകം താല്‍പര്യം കാണിക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് കുടുംബം ഒന്നടങ്കം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയില്‍ സംവരണ സീറ്റായ വെള്ളമുണ്ട ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനില്‍ ഞാന്‍ മൽസരിച്ചിരുന്നു.
ഡിവിഷനില്‍ വരുന്ന ഒരു വാര്‍ഡ് ഒഴിച്ച് എല്ലാ വാര്‍ഡിലും യുഡിഎഫ് പരാജയപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ആഴ്‌ച ചേര്‍ന്ന വെള്ളമുണ്ട മണ്ഡലം കമ്മിറ്റിയില്‍ എന്‍ഡി അപ്പച്ചന്‍ നടത്തിയ പ്രസംഗത്തില്‍ എന്നെ വളരെ മോശമായി ചിത്രീകരിച്ച് പരിഹാസത്തോടെ പ്രസംഗിക്കുക വഴി ആദിവാസി സമൂഹത്തെയും സ്‌ത്രീത്വത്തെയും അപമാനിച്ചിരിക്കുകയാണ്.
‘കാണാന്‍ ഒരു മെന ഇല്ലാത്തവളും, കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യാത്തവളുമായ ഒരുത്തി’യെ സ്‌ഥാനാർഥിയാക്കിയത് കൊണ്ടാണ് ബ്ളോക്ക് പഞ്ചായത്ത് സീറ്റ് നഷ്‌ടപ്പെട്ടതെന്നാണ് ആവര്‍ത്തിച്ച് പറഞ്ഞത്. ഇതിന് വ്യക്‌തമായ തെളിവുണ്ട്. എന്‍ഡി അപ്പച്ചന് ഡിസിസി പ്രസിഡണ്ട് സ്‌ഥാനത്തോ കോണ്‍ഗ്രസ് പാര്‍ട്ടിയിലോ തുടരാന്‍ അര്‍ഹതയില്ല. രാഹുല്‍ ഗാന്ധി എംപിയായ ജില്ലയെന്ന നിലയില്‍ അപ്പച്ചനെ പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാഹുല്‍ ഗാന്ധിയും സംസ്‌ഥാന നേതൃത്വവും ആദിവാസി സമൂഹത്തെയും സ്‌ത്രീത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട്. ആദിവാസി സ്‌ത്രീ സമൂഹത്തോടൊപ്പമാണ് കോണ്‍ഗ്രസ് എന്ന് ബോധ്യപ്പെടുത്തി, അപമാനിതയായ എനിക്കും കുടുംബത്തിനും ആശ്വാസം നല്‍കി, എന്‍ഡി അപ്പച്ചനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് അപേക്ഷിക്കുന്നു; യുവതിയുടെ പരാതിയിൽ പറയുന്നു.
Most Read: പെരിയ ഇരട്ടക്കൊലക്കേസ്; അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്‌റ്റ് ചെയ്‌തു