കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്‌ടമായ ശ്രുതിക്ക് തീരാനോവായി പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസന്റെ വിയോഗം. ചൊവ്വാഴ്‌ച വൈകിട്ട് നടന്ന വാഹനാപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ജെൻസൻ ഇന്നലെ രാത്രി 8.57നാണ് മരിച്ചത്. ഇരുവരുടെയും വിവാഹ ഒരുക്കങ്ങൾ നടക്കാനിരിക്കെയായിരുന്നു അപകടം.
കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവിങ് സീറ്റിലായിരുന്ന ജെൻസന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്‌തസ്രാവം അനിയന്ത്രിതമായ നിലയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച യുവാവിനെ അടിയന്തിര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയ ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
എന്നാൽ, ശ്രുതിയുടെയും കേരളക്കരയുടെയും പ്രാർഥനകൾ വിഫലമാക്കി രാത്രിയോടെ യുവാവ് മരണത്തിന് കീഴടങ്ങി. രാവിലെ പോസ്‌റ്റുമോർട്ടത്തിന് ശേഷം അമ്പലവയൽ ആണ്ടൂരിൽ ജെൻസന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് ആണ്ടൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. അപകടത്തിൽ ശ്രുതിയടക്കം ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.
ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവർ ഉൾപ്പടെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്‌ടമായത്. കോഴിക്കോട് ജോലി സ്‌ഥലത്ത് ആയതിനാൽ ശ്രുതി രക്ഷപ്പെട്ടു. ഉറ്റവരെ നഷ്‌ടപ്പെട്ട ശ്രുതിക്ക് അടച്ചുറപ്പുള്ള വീടാണ് ഇനി തന്റെ സ്വപ്‌നമെന്ന് പറഞ്ഞു ഒപ്പം നിന്ന യുവാവിന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാതെയുള്ള മരണം, കേരളത്തിനാകെ നോവായി മാറി.
Most Read| പിവി അൻവറിന്റെ ആരോപണങ്ങൾ ഗൗരവതരം; മുഖ്യമന്ത്രിയോട് റിപ്പോർട് തേടി ഗവർണർ