വന്യമൃഗ ശല്യം; പാലക്കാട് നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ

മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

By Trainee Reporter, Malabar News
wild animals disturbance
Representational Image

പാലക്കാട്: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സംസ്‌ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. അതിനിടെ, പാലക്കാട് ധോണിയിലും പരിസരത്തും ജനവാസ മേഖലയിൽ ഇറങ്ങുന്ന പിടി 7 എന്ന കാട്ടാനയെ വെള്ളിയാഴ്‌ച മയക്കുവെടി വെക്കും.

പിടി 7നെ തളയ്‌ക്കുന്നതിനുള്ള പ്രത്യേക ദൗത്യ സംഘം ബുധനാഴ്‌ച രാത്രിയോടെ ധോണിയിൽ എത്തും. ഇടവേളകൾ ഇല്ലാതെ കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചിട്ടും വനംവകുപ്പ് ഉചിതമായ നടപടി വേഗത്തിൽ സ്വീകരിക്കുന്നില്ല എന്നാണ് ബിജെപി ആരോപിക്കുന്നത്. കൂട് നിർമാണം പൂർത്തിയായിട്ടും മയക്കുവെടി വെക്കാൻ എന്താണ് തടസം എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്.

അതിനിടെ, പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലിയെ കണ്ടതായി വിവരം. ഒരു പുലിയെയും രണ്ടു കുട്ടികളെയുമാണ് കാർ യാത്രക്കാർ കണ്ടത്. വനംവകുപ്പ് പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. ഈ പ്രദേശത്ത് മുമ്പും പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഒരു മാസം മുൻപ് വളർത്തു നായയെ പുലി പിടികൂടിയിരുന്നു. പുലിയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായി പിടികൂടാനായില്ല.

അതേസമയം, വന്യജീവി വംശ വർധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സംസ്‌ഥാന സർക്കാർ. അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തിൽ കേരളം ഹരജി നൽകും. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.

വിഷയത്തിൽ സംസ്‌ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചു കഴിഞ്ഞാലുടൻ സുപ്രീം കോടതിയിൽ ഹരജി ഫയൽ ഫയൽ ചെയ്യും. വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കാൻ കെഎഫ്ആർഐയെ ചുമതല പെടുത്തിയിട്ടുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വ്യക്‌തമാക്കി. ജനത്തിന്റെ ജീവൽ പ്രശ്‌നങ്ങൾ രാഷ്‌ട്രീയ ആയുധമാക്കരുത്. സമരമല്ല സഹകരണമാണ് ഈ വിഷയത്തിൽ വേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു.

Most Read: കോവിഡ് ആശങ്ക; സംസ്‌ഥാനത്ത്‌ വീണ്ടും മാസ്‌ക് നിർബന്ധമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE