വന്യജീവി വംശ വർധനവ് തടയണം; സംസ്‌ഥാനം സുപ്രീം കോടതിയെ സമീപിക്കും

കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ നാളെ വയനാട്ടിൽ സർവകക്ഷി യോഗം ചേരും. ഇതിൽ ഉയരുന്ന നിർദ്ദേശങ്ങൾ സർക്കാർ ഗൗരവമായി എടുക്കും. ദ്രുതകർമ സേനയുടെ അംഗബലം കൂട്ടും. ജനത്തിന്റെ ജീവൽ പ്രശ്‌നങ്ങൾ രാഷ്‌ട്രീയ ആയുധമാക്കരുത്. സമരമല്ല സഹകരണമാണ് ഈ വിഷയത്തിൽ വേണ്ടതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ ആവശ്യപ്പെട്ടു.

By Trainee Reporter, Malabar News
Supreme Court
Photo Courtesy: Live Law
Ajwa Travels

കോഴിക്കോട്: വന്യജീവി വംശ വർധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തിൽ കേരളം ഹരജി നൽകും. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.

വിഷയത്തിൽ സംസ്‌ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചു കഴിഞ്ഞാലുടൻ സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്യും. അതേസമയം, വന്യജീവി ആക്രമങ്ങൾ കേരത്തിൽ വർധിച്ചുവെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കാൻ കെഎഫ്ആർഐ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

അതിനിടെ, കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ നാളെ വയനാട്ടിൽ സർവകക്ഷി യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. ഇതിൽ ഉയരുന്ന നിർദ്ദേശങ്ങൾ സർക്കാർ ഗൗരവമായി എടുക്കും. ദ്രുതകർമ സേനയുടെ അംഗബലം കൂട്ടും. ജനത്തിന്റെ ജീവൽ പ്രശ്‌നങ്ങൾ രാഷ്‌ട്രീയ ആയുധമാക്കരുത്. സമരമല്ല സഹകരണമാണ് ഈ വിഷയത്തിൽ വേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യമാണുള്ളത്. ഈ വിഷയത്തിൽ പല പഠനങ്ങളും നടത്തി. എന്നാൽ, ഇവയൊന്നും ഫലവത്തായില്ല. വനത്തിനകത്ത് ആവാസ വ്യവസ്‌ഥയിൽ മാറ്റമുണ്ടായിട്ടുണ്ട്. വന്യമൃഗങ്ങൾക്ക് കാട്ടിൽ ഭക്ഷണവും വെള്ളവും കിട്ടുന്നില്ല. വംശ വർധനവും ഉണ്ടായി. കടുവകൾക്കൊക്കെ കാട്ടിൽ നിശ്‌ചിത സ്‌ഥലം ആവശ്യമാണ്. അത് ഇപ്പോൾ ഇല്ലാത്ത സ്‌ഥിതി ആണെന്നും മന്ത്രി പറഞ്ഞു.

ഇതിന്റെ ശാസ്‌ത്രീയതും യുക്‌തിഭദ്രതയും ഉറപ്പാക്കാനാണ് കെഎഫ്ആർഐയെ പഠനത്തിന് ചുമതലപ്പെടുത്തിയത്. നിയമനിർമാണമാണ് ആവശ്യമെന്നുണ്ടെങ്കിൽ അത് ചെയ്യും. ആഫ്രിക്കൻ രാജ്യങ്ങൾ മാത്രമാണ് വംശവർധന തടയാനുള്ള നടപടികൾ പരീക്ഷിച്ചത്. മറ്റ് രാജ്യങ്ങൾ ഇത് ചെയ്‌തിട്ടില്ല.

2013ൽ സുപ്രീം കോടതി വിധി പശ്‌ചിമബംഗാൾ സർക്കാർ ഉത്തരവ് മരവിപ്പിച്ചിരുന്നു. ഇതുവരെ അതിലൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ അടിയന്തിര ഹരജി സമർപ്പിക്കുന്നത്. എന്നാൽ, മറ്റ് സംസ്‌ഥാനങ്ങളിൽ പ്രശ്‌നം ഇത്ര രൂക്ഷമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതിനിടെ, വയനാട്ടിലും കണ്ണൂർ ആറളത്തും പരിസരത്തുമായി അടുത്തുതന്നെ പത്തോളം കടുവകൾ നാട്ടിലിറങ്ങാൻ സാധ്യത ഉണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. യൗവനത്തിലേക്ക് കടന്ന് സംഘത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന കടുവകളും, പ്രായാധിക്യമോ പരിക്കോ മൂലം സ്വന്തം സാമ്രാജ്യം വിട്ടുപോകേണ്ടി വരുന്ന ആൺ കടുവകൾ ആയിരിക്കും ഇങ്ങനെ പുറംലോകത്ത് എത്തുകയെന്നാണ് നിഗമനം.

വയനാട് വനത്തിൽ ഉൾക്കൊള്ളാവുന്നതിലും ഏറെ കൂടുതൽ കടുവകൾ ഇപ്പോൾ ഉണ്ടെന്നും കാട്ടുപോത്തും മാനും ഉൾപ്പടെ ആവശ്യത്തിന് ഇര ഉള്ളതിനാൽ മാത്രമാണ് വലിയ തലവേദന ആകാത്തതെന്നും വനം ഉന്നതർ സമ്മതിക്കുന്നു. 344 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള വയനാട് വന്യജീവി സങ്കേതത്തിൽ ഇപ്പോൾ 80 കടുവകൾ ഉണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. ക്യാമറയിൽ പതിഞ്ഞത് മാത്രമാണിത്. പതിയാത്തതായി 10 കടുവകൾ കൂടി ഉണ്ടായേക്കാം.

അതിനിടെ, ആറളം ഫാമിന് സമീപത്തും കഴിഞ്ഞ ദിവസം പുതിയൊരു കടുവയെ കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ ഡാറ്റബേസിൽ ഇല്ലാത്ത ഈ കൂറ്റൻ കടുവയുടെ ചിത്രം വനംവകുപ്പിന്റെ ക്യാമറയിൽ ലഭിച്ചു. പത്ത് വയസ് തോന്നിക്കുന്ന കടുവക്ക് സാധാരണയിലും വലിപ്പമുണ്ട്. നാട്ടുകാർക്ക് ഇതേവരെ ശല്യമാവാത്തതിനാൽ തുടർനടപടി എന്തുവേണം എന്ന ആലോചനയിലാണ് വനംവകുപ്പ്.

Most Read: രാജ്യത്തെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ ജില്ലയായി കൊല്ലം; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE