വാണിമേൽ: വിലങ്ങാട് മലയങ്ങാട് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കൃഷിഭൂമിയിൽ അഞ്ച് ആനകളാണ് ഇത്തവണ എത്തിയത്. പുറ്റുമണ്ണിൽ തങ്കച്ചൻ, കവൂർ മൊയ്‌തുഹാജി, അബു വാണിമേൽ എന്നിവരുടെ പറമ്പുകളിൽ ഇറങ്ങിയ ആനകൾ നിരവധി റബർമരങ്ങൾ നശിപ്പിച്ചു. പ്രദേശവാസികൾ പടക്കം പൊട്ടിച്ചു ആനകളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൂടുതൽ കൃഷി നശിപ്പിക്കുന്നതിന് മുൻപ് ആനകളെ തുരത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കാർഷികമേഖലയായ ഇവിടെ ഒട്ടേറെ കുടുംബങ്ങളും ഒറ്റപ്പെട്ട നിലയിൽ താമസിക്കുന്നുണ്ട്. ഒന്നരമാസം മുൻപ് ഇവിടെ ആനയിറങ്ങി ലക്ഷങ്ങളുടെ കൃഷികൾ നശിപ്പിച്ചിരുന്നു. പ്രദേശത്തെ കാട്ടാനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പ്രദേശത്തെ അഞ്ചര കിലോമീറ്ററിൽ സോളാർഫെൻസ് സ്‌ഥാപിക്കാൻ മന്ത്രി നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു, തുടർന്ന് പൂവതാംകണ്ടി, മലയങ്ങാട് ഭാഗത്ത് അഞ്ചര കിലോമീറ്റർ ഫെൻസിങ്ങിന് കരാറായി. സോളാർഫെൻസ് ഉടൻ സ്‌ഥാപിച്ച് കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് വിലങ്ങാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
Also Read: രണ്ടുദിവസം വ്യാപക മഴ; ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം