കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ നിർണായക രാഷ്‌ട്രീയ നീക്കവുമായി ഇടതുമുന്നണി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തനായ കോൺഗ്രസ് നേതാവിനെ മൽസരിപ്പിക്കാനുള്ള നീക്കം അണിയറയിൽ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇടതുമുന്നണി കടന്നുവെന്നാണ് റിപ്പോർട്ടുകൾ. പുതുപ്പള്ളിയിലെ ഒരു ജനപ്രതിനിധിയായ ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.
സിപിഎം ചർച്ചകൾ നടത്തുന്നുവെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തൻ കൂടിയായ ഈ നേതാവിനെ പിന്തിരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾ ഇദ്ദേഹവുമായി സംസാരിച്ചു. കോൺഗ്രസ് മുതിർന്ന നേതാക്കളും സംസാരിച്ചതായാണ് സൂചന. സിപിഎമ്മിന്റെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയിരിക്കുകയാണ് കോൺഗ്രസ്.
സിപിഎം സ്‌ഥിരമായി മൽസരിച്ചിരുന്ന സീറ്റിൽ ഇക്കുറി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തനെ സ്വതന്ത്ര്യ സ്‌ഥാനാർഥിയായി എൽഡിഎഫ് പിന്തുണയോടെ മൽസരിപ്പിക്കാനാണ് ആലോചിക്കുന്നത്. പുതുപ്പള്ളിയിൽ ഇതുവരെ സ്‌ഥാനാർഥി നിർണയം നടത്തിയിട്ടില്ലാത്ത എൽഡിഎഫ് കോട്ടയത്ത് തിരക്കിട്ട ചർച്ചകളാണ് നടത്തുന്നത്. വർഷങ്ങളായി ഉമ്മൻ ചാണ്ടിയുടെ സന്തത സഹചാരിയായിരുന്ന, ഇപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഒരു നേതാവിനെ എൽഡിഎഫ് പരിഗണിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മുൻപ് ഇദ്ദേഹം പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു.
നേരത്തെ ജെയ്‌ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേരാണ് പാർട്ടിയിൽ നിന്നും പുറത്തുവന്നത്. എന്നാൽ, ഇതിൽ നിന്നെല്ലാം രാഷ്‌ട്രീയ ശ്രദ്ധ മാറ്റിയിരിക്കുകയാണ് സിപിഎം. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, സമ്മർദ്ദത്തിലായ സിപിഎം അതേ നാണയത്തിൽ തിരിച്ചടിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
Most Read| ‘മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ്’; ആഞ്ഞടിച്ചു രാഹുൽ ഗാന്ധി