തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 2,47,890 കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. അടുത്ത രണ്ട് ദിവസം പൊതു പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഇന്ന് റേഷൻ കടകൾ തുറന്ന് പ്രവർത്തിച്ചത്.
സംസ്‌ഥാനത്ത് ഇതുവരെ 59,70,904 കാർഡുകൾ മാർച്ച് മാസത്തെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. സർക്കാർ നിർദ്ദേശം പാലിക്കാതെ, സംസ്‌ഥാനത്തെ ചില റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കാത്ത വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം റേഷൻ കടകളുടെ വിവരം ശേഖരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
ഈ മാസത്തെ റേഷൻ വിതരണം മാർച്ച് 31 വരെ തുടരും. എല്ലാ കാർഡ് ഉടമകളും തങ്ങളുടെ റേഷൻ വിഹിതം കൈപ്പറ്റണമെന്നും മന്ത്രി അറിയിച്ചു. നാളെ രാവിലെ 6 മണി മുതൽ മാർച്ച് 30ആം തീയതി രാവിലെ 6 മണി വരെയാണ് പണിമുടക്ക്. ദേശീയതലത്തിൽ ബിഎംഎസ് ഒഴികെ 20ഓളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. കേരളത്തിൽ 22 തൊഴിലാളി സംഘടനകൾ പണിമുടക്കിൽ അണിനിരക്കുമെന്ന് സംയുക്‌ത സമിതി നേതാക്കൾ വ്യക്‌തമാക്കി.
Most Read: കൊട്ടാരക്കര മാർക്കറ്റ് ഇനി ഹൈടെക്; നിർമാണം മെയ് ആദ്യവാരം- കെഎൻ ബാലഗോപാൽ