ന്യൂഡെൽഹി: അടുത്ത മാസത്തിനുള്ളിൽ ഡെൽഹിയിൽ 44 ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡ് കേസുകൾ കുതിച്ചുയർന്നതിനെ തുടർന്ന് ഡെൽഹിയിൽ രൂക്ഷമായ ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ഡെൽഹിയിൽ അടിയന്തിരമായി ഓക്‌സിജൻ പ്ളാന്റുകൾ നിർമിക്കാൻ തീരുമാനിച്ചത്.
ഡെൽഹിയിൽ ഓക്‌സിജൻ ടാങ്കറുകളുടെ ദൗർലഭ്യമുണ്ടെന്നും ബാങ്കോക്കിൽ നിന്ന് 18 ഓക്‌സിജൻ ടാങ്കറുകൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും കെജ്‌രിവാൾ അറിയിച്ചു. 21 റെഡി ടു യൂസ് ഓക്‌സിജൻ പ്ളാന്റുകൾ ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി 8 ഓക്‌സിജൻ പ്ളാന്റുകൾ കേന്ദ്ര സർക്കാർ നിർമിക്കും. അടുത്ത ഒരുമാസത്തിനുള്ളിൽ 36 പ്ളാന്റുകൾ ഡെൽഹി സർക്കാരും നിർമിക്കുന്നുണ്ട്. ഇതിൽ 21 പ്ളാന്റുകളാണ് ഫ്രാൻസിൽ നിന്നും വരുന്നത്. 15 എണ്ണം തദ്ദേശീയമായി നിർമിക്കുന്നതാണ്.
അതേസമയം, ഡെൽഹിയിലെ ഓക്‌സിജൻ ക്ഷാമം ഒരുപരിധി വരെ പരിഹരിക്കാൻ കഴിഞ്ഞെന്നും കെജ്‌രിവാൾ പറഞ്ഞു. ആശുപത്രികളിലെ ഓക്‌സിജൻ ക്ഷാമത്തിന് നിലവിൽ പരിഹാരം ഉണ്ടായിട്ടുണ്ട് എന്നും രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തുടങ്ങിയതായും ഡെൽഹിയിലെ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
70 ടൺ മെഡിക്കൽ ഓക്‌സിജൻ വഹിച്ചുകൊണ്ടുള്ള ഓക്‌സിജൻ എക്‌സ്‌പ്രസ് ഇന്ന് രാവിലെ ഡെൽഹിയിൽ എത്തിച്ചേർന്നിരുന്നു. ഇത് വിവിധ ആശുപത്രികൾക്ക് സർക്കാർ വിതരണം ചെയ്യും.
Read also: കോവിഡ് നിയന്ത്രണം; തൊഴിൽ മേഖലയിൽ വീണ്ടും പ്രതിസന്ധി