കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ ആസൂത്രണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മഞ്ചേരി ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ അറസ്റ്റിലായ ഏഴു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. മുബഷിര്‍, സുഹൈല്‍, പിടി സലീം, മുഹമ്മദ് മുസ്തഫ, ഫൈസല്‍, ഫയാസ്, ഫിജാസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു എങ്കിലും വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവെക്കുക ആയിരുന്നു. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും, പിടിയിലായ പ്രതികൾക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ആണ് പബ്ളിക് പ്രോസിക്യൂട്ടര്‍ ബി ഉമ്മര്‍ കോടതിയിൽ വാദിച്ചത്.
പ്രതികൾ പുറത്തിറങ്ങിയാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് പോലീസ് കോടതിയിൽ അറിയിച്ചിരുന്നു. അതേസമയം കേസില്‍ അറസ്റ്റിലായ സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറയുന്ന സൂഫിയാന് റിമാന്‍ഡിലാണ്.