തിരുവനന്തപുരം: പേട്ടയിൽ 19കാരനെ കുത്തിക്കൊന്ന കേസിലെ പ്രതി സൈമൺ ലാലനെ കസ്‌റ്റഡിയിൽ വാങ്ങാനായി പോലീസ് ഇന്ന് അപേക്ഷ നൽകും. തിരുവനന്തപുരം എസിജെഎം കോടതിയിലാണ് കസ്‌റ്റഡി അപേക്ഷ സമർപ്പിക്കുക. സൈമൺ ലാലനെ കൊല നടന്ന വീട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നതിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനുമായാണ് കസ്‌റ്റഡിയിൽ വാങ്ങുന്നത്.
കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെയാണ് മകളെ കാണാനെത്തിയ സുഹൃത്ത് അനീഷ് ജോർജിനെ സൈമൺ ലാലൻ കുത്തിക്കൊന്നത്. കള്ളനെന്ന് കരുതിയാണ് ആക്രമിച്ചത് എന്നായിരുന്നു സൈമൺ ലാലൻ ആദ്യം പറഞ്ഞത്. എന്നാൽ ബോധപൂർവമാണ് കൃത്യം നടത്തിയതെന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു.
മകളുമായുള്ള അനീഷിന്റെ പ്രണയമാണ് സൈമണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ തന്നെയാണ്. അനീഷിനെ തടഞ്ഞ് വെച്ച് നെഞ്ചിലും മുതുകിലും കുത്തി. വാട്ടര്‍ മീറ്റര്‍ ബോക്‌സില്‍ ആണ് കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത്. ആയുധം പോലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന മുറിയില്‍ നിന്ന് ബിയര്‍ കുപ്പികള്‍ കണ്ടെടുത്തെന്നും റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നു.
Most Read: ഭരിക്കുന്ന സർക്കാരുമായി സഹകരിക്കും; നിലപാട് വ്യക്‌തമാക്കി സമസ്‌ത


































