കൊച്ചി: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത (89) കാലം ചെയ്‌തു. വാര്‍ധക്യ സഹജമായ അസുഖത്തെ തുര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
13 വർഷമായി മാർത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയായി തുടരുകയായിരുന്ന ഇദ്ദേഹം, പാൻക്രിയാസ് കാൻസറിനെ തുടർന്ന് ആരോഗ്യ സ്‌ഥിതി വഷളായി തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഒരാഴ്‌ചയായി ആരോഗ്യ സ്ഥിതി തീർത്തും മോശമായിരുന്നു. കബറടക്ക സമയം പിന്നീട് അറിയിക്കും.
മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനാണ് ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത. ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സഭാ പരമാധ്യക്ഷ സ്‌ഥാനം വെടിഞ്ഞപ്പോൾ സഫ്രഗൻ മെത്രാപ്പൊലീത്ത ആയിരുന്ന ജോസഫ് മാർ ഐറേനിയോസിനെ, ജോസഫ് മാർത്തോമ്മ എന്ന അഭിനാമത്തിൽ പരമാധ്യക്ഷനായി ഉയർത്തി.
സാമൂഹിക തിൻമകൾക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും സഭാ ഐക്യ പ്രസ്‌ഥാനങ്ങളിലും തിളങ്ങിയ ജോസഫ് മാർത്തോമ്മാ രാജ്യത്തെ ക്രൈസ്‌തവ സഭാ നേതാക്കളിൽ ഏറ്റവും പ്രമുഖനായിരുന്നു. മുംബൈയിലെ ചുവന്ന തെരുവിലെ കുഞ്ഞുങ്ങൾക്കായി നവജീവൻ പ്രസ്‌ഥാനവും ഭിന്ന ലിംഗക്കാരെ മുൻ നിരയിലേക്ക് നയിക്കാനുള്ള പദ്ധതികളും ഉൾപ്പടെ അനേകം സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട് ഇദ്ദേഹം.
1931 ജൂണ്‍ 27നാണ് ജനനം. പി.ടി.ജോസഫെന്നായിരുന്നു ആദ്യ കാല പേര്. 1957ലാണ് വൈദികനായി സഭാ പ്രവർത്തിയിൽ പ്രവേശിച്ചത്. 1975 ഫെബ്രുവരിയില്‍ ജോസഫ് മാര്‍ ഐറേനിയോസ് എന്ന പേരില്‍ മെത്രാപ്പൊലീത്തയായി. 1653ൽ അഭിഷിക്‌തനായ മാർത്തോമ്മ ഒന്നാമന്റെ പിന്തുടർച്ചയായ മാർത്തോമ്മ ഇരുപത്തൊന്നാമനാണ് മോസ്‌റ്റ്.റവ. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത.


































