കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി ആർടിഒ. കടുത്ത നിയമലംഘനങ്ങൾ നടന്നതായാണ് ട്രാൻസ്‌പോർട് കമ്മീഷണർ വ്യക്‌തമാക്കുന്നത്.
അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർക്ക് ടിപ്പർ ലോറി ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. ഒരുമാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. അപകട സമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിൽ ആയിരുന്നുവെന്നും അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നും കമ്മീഷണർ വ്യക്‌തമാക്കി.
അപകടമുണ്ടാക്കിയ ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്. മുൻപ് പലതവണ നിയമലംഘനങ്ങൾക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുണ്ട്. വാഹനത്തിന് കഴിഞ്ഞ ഏപ്രിലിലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചത്. എന്നാൽ, നിലവിൽ ഫിറ്റ്നസിൽ ഗുരുതരമായ പ്രശ്‌നങ്ങൾ ഉള്ളതായാണ് കണ്ടെത്തൽ. ശരിയായ രീതിയിലാണോ ഫിറ്റ്നസ് അനുവദിച്ചത് എന്നതുൾപ്പടെ വിശദമായി പരിശോധിക്കുമെന്നും ആർടിഒ അറിയിച്ചു.
മണ്ണ് കയറ്റിവന്ന ടിപ്പർ ലോറി ബസ് സ്‌റ്റോപ്പിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥി പാർഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ എന്നിവരാണ് മരിച്ചത്. ബസ് സ്‌റ്റോപ്പിൽ ഉണ്ടായിരുന്ന വിദ്യാർഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ഡ്രൈവർ ചവറ സ്വദേശിയായ നിസാമിനും പരിക്കേറ്റു.
ഇവരിൽ രണ്ടുപേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഒരാൾ ഗോകുലം മെഡിക്കൽ കോളേജിലും രണ്ടുപേർ മെഡിസിറ്റിയിലുമായി ചികിൽസയിലാണ്. മെഡിസിറ്റിയിൽ ചികിൽസയിലുള്ള ഋഷഭ്, കൗശൽ എന്നിവരിലൊരാൾ വെന്റിലേറ്ററിലാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് സൂചന.
Most Read| കരാറിൽ ഉറച്ചു നിന്നില്ലെങ്കിൽ തനിക്ക് ചെയ്യാനുള്ളത് താൻ ചെയ്യും; ട്രംപ്




































