ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ രഞ്ജിത്തിനെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഹരജിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതി നൽകിയിരുന്നത്.
സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് യുവാവ് പരാതി നൽകിയത്. എന്നാൽ, പരാതിയിലെ പല ആരോപണങ്ങളിലും വ്യക്തതയില്ലെന്നും യുവാവ് പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ്ആർ കൃഷ്ണ കുമാറാണ് ഹരജി പരിഗണിച്ചത്. കേസിൽ, കഴിഞ്ഞവർഷം ഡിസംബറിൽ തുടർനടപടികൾ സ്റ്റേ ചെയ്തിരുന്നു.
2012ൽ ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണ് കേസ്.
കോഴിക്കോട് കസബ പോലീസാണ് ഇതിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തെങ്കിലും ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് പിന്നീട് കർണാടക പോലീസിന് കൈമാറുകയായിരുന്നു. കേരള പോലീസിൽ നിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പോലീസിനോട് കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയത്.
Most Read| തറയ്ക്കടിയിൽ നിന്ന് രക്തം സമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!