ബിലാസ്പുർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത്, മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷമായിരിക്കും ഹൈക്കോടതിയെ സമീപിക്കുക.
കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരാണ് ഒമ്പത് ദിവസത്തെ ജയിൽവാസത്തിന് ശേഷം ഇന്നലെ പുറത്തിറങ്ങിയത്. എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കെട്ടിവയ്ക്കണം, രണ്ടുപേർ ജാമ്യം നിൽക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
ഛത്തീസ്ഗഡിലെ ദല്ലി രാജ്ഹാര മഠത്തിലാണ് ഇവരുടെ താമസം. സഭയ്ക്ക് ഇവിടെ സ്കൂളും ആശുപത്രിയുമുണ്ട്. അതിനിടെ, ബജ്റംഗ് ദൾ പ്രാദേശിക നേതാവ് ജ്യോതി ശർമ അടക്കമുള്ള 20ലേറെ പ്രവർത്തകർക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പം പോകേണ്ടിയിരുന്ന യുവതികൾ നൽകിയ പരാതി പോലീസ് സ്വീകരിച്ചില്ല.
ആഗ്രയിലേക്ക് ജോലിക്ക് പോകാനിരുന്ന കമലേശ്വരി പ്രധാൻ, ലളിത ഉസെൻധി, സുഖ്മതി മണ്ഡാവി എന്നിവരാണ് പരാതിപ്പെട്ടത്. എന്നാൽ, നാരായൺപുർ എസ്പി പരാതി സ്വീകരിച്ചില്ല. സംഭവം നടന്നത് ദുർഗിലായതിനാൽ അവിടെ പരാതിപ്പെടാനായിരുന്നു നിർദ്ദേശം. ഓൺലൈനായി പരാതി നൽകാനാണ് യുവതികളുടെ തീരുമാനം.
കന്യാസ്ത്രീകൾക്കെതിരെ വ്യാജമൊഴി നൽകാൻ ബജ്റംഗ് ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി കമലേശ്വരി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പോലീസ് താൻ പറയാത്ത കാര്യങ്ങൾ മൊഴിയിൽ രേഖപ്പെടുത്തിയെന്നും കമലേശ്വരി പറഞ്ഞിരുന്നു. കന്യാസ്ത്രീകൾ ബലമായി കൊണ്ടുപോയെന്ന് പറയണമെന്നായിരുന്നു ബജ്റംഗ് ദളിന്റെ ആവശ്യം.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!



































