കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്‌ഠയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കൊടിമര നിർമാണത്തിനായി ഭക്‌തരിൽ നിന്ന് സംഭാവനയായി ലഭിച്ച സ്വർണം പൂർണമായും ഇതിനായി തന്നെ ഉപയോഗിച്ചുവെന്നും രേഖകളില്ലാതെ സ്വർണം കൈപ്പറ്റിയതിന് യാതൊരുവിധ തെളിവുകളും ഇല്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്‌തമാക്കി.
കൊടിമര പുനർനിർമാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്‌ടദിക് പാലകരുടെ നിർമാണത്തിനും ഉപയോഗിച്ചു. മോഹൻലാൽ, ദിലീപ്, രഞ്‌ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയത്. സംഭാവന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു.
നാലുപേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. എഎസ്‌പി കുറുപ്പാണ് സംഭാവന സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീതും നൽകിയെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ക്രമക്കേട് നടന്നതിന് യാതൊരു തെളിവുമില്ലെന്ന് സംസ്‌ഥാന വിജിലൻസ് മേധാവി റിപ്പോർട് സമർപ്പിച്ചു. ഇത് പരിശോധിച്ച ശേഷമാണ് കേസ് അവസാനിപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
ശബരിമല സ്വർണക്കൊള്ള കേസ് സർക്കാറിനെയും സിപിഎം നേതാക്കളെയുമൊക്കെ പ്രതിക്കൂട്ടിൽ നിർത്തിയ ഘട്ടത്തിലാണ് യുഡിഎഫ് ഭരണസമിതിക്കെതിരെ ഇത്തരത്തിൽ ഒരു ക്രമക്കേടിൽ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതിയുടെ മുമ്പാകെ വന്നത്. ദേവസ്വം വിജിലൻസാണ് ശബരിമല കൊടിമര പുനഃപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്ന് റിപ്പോർട് നൽകിയത്.
തുടർന്നാണ് ഹൈക്കോടതി ഇക്കാര്യത്തിൽ കേസെടുക്കേണ്ടതുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കാൻ സംസ്‌ഥാന വിജിലൻസ് മേധാവിയോട് നിർദ്ദേശിച്ചത്. തുടർന്ന് അന്വേഷണം നടത്തിയാണ് വിജിലൻസ് ക്രമക്കേട് നടന്നില്ലെന്ന തരത്തിൽ റിപ്പോർട് സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ യുഡിഎഫിന് ആശ്വാസമാകുന്നതാണ് കോടതിയുടെ തീരുമാനം.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ






































