ന്യൂഡെൽഹി: ക്രൂഡ് ഓയിൽ പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് നയാര.
ഇന്ത്യയിൽ 7000ത്തോളം പെട്രോൾ പമ്പുകൾ നയാരയ്ക്കുണ്ട്. ആഭ്യന്തര ഇന്ധന ലഭ്യതയെ കുറിച്ചുള്ള ആശങ്കകൾ ഉയർത്തി ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് വില വർധനവ്. മറ്റു കമ്പനികൾ ഇന്ധനവില കൂടിയിട്ടില്ല.
ഇറാൻ യുദ്ധം തുടങ്ങിയതോടെ ഹോർമുസ് വഴിയുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തടസപ്പെടുകയും രാജ്യാന്തര വില കൂടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ യുഎസ്, ജർമനി, ഫ്രാൻസ്, പാകിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ധനവില കൂട്ടിയപ്പോഴും ഇന്ത്യൻ കമ്പനികൾ വില പരിഷ്കരിച്ചിരുന്നില്ല.
എന്നാൽ, കഴിഞ്ഞദിവസം പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രീമിയം പെട്രോൾ വില കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നയാര എനർജിയും വില കൂട്ടിയത്. പൊതുമേഖലാ എണ്ണക്കമ്പനികൾ സാധാരണ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം ഇവയുടെ വിലയും കൂടുമെന്ന ആശങ്ക ശക്തമാണ്.
Most Read| ഇന്ത്യ അടക്കമുള്ള സുഹൃദ്രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് തുറന്നിടും; ഇറാൻ







































