ഏറെ കൗതുകകരമായ ഒരു ടൂർ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ആലുവയിലെ ഒരു ഹോട്ടൽ ഉടമ. മൂന്നാർ പീക്ക് പാരഡൈസ് റിസോർട്ടിൽ ഒരുദിവസം കുടുംബസമേതം ചിൽ ചെയ്യാനുള്ള അവസരമാണ് വാഗ്‌ദാനം ചെയ്യുന്നത്, അതും സൗജന്യമായി. ഇതിനായി അവർ ഡിമാൻഡ് ചെയ്യുന്നത് ഒരു വാണിജ്യ സിലിണ്ടറാണ്!
എന്താല്ലേ? ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകൾ കിട്ടാക്കനിയായി. ഈ സാഹചര്യത്തിലാണ് ആലുവ റെയിൽവേ സ്‌റ്റേഷന് സമീപത്തുള്ള സാഗർ ഹോട്ടൽ ഉടമ എപി. സഫീർ ഏറെ വ്യത്യസ്‌തമായൊരു ഓഫർ മുന്നോട്ടുവെച്ചത്.
സിലിണ്ടർ വിലയ്‌ക്ക് പുറമെയാണ് 5000 രൂപ പ്രതിദിന വാടകയുള്ള മുറിയും പ്രഭാതഭക്ഷണവും സൗജന്യമായി ലഭിക്കുന്നത്. സഫീറിന്റെ തന്നെ സംരംഭമാണ് മൂന്നാറിലെ റിസോർട്ട്. സാമൂഹിക മാദ്ധ്യമങ്ങളിൽ ഓഫറുമായി ബന്ധപ്പെട്ടുള്ള പോസ്‌റ്റ് ഇട്ടതോടെ ഒട്ടേറെ പേർ വിളിച്ചെങ്കിലും ഗാർഹിക സിലിണ്ടറാണ് ഇവരുടെ പക്കലുള്ളത്. വാണിജ്യ സിലിണ്ടർ നൽകാമെന്ന് പറഞ്ഞത് വിരലിൽ എണ്ണാവുന്നവർ മന്ത്രമാണെന്ന് സഫീർ പറയുന്നു.
ഹോട്ടലിൽ പ്രതിദിനം മൂന്ന് സിലിണ്ടർ വേണം. സിലിണ്ടർ തീർന്നപ്പോൾ ഒരാഴ്‌ച ഹോട്ടൽ അടച്ചിട്ടു. വേറെ വഴിയില്ലാതെ വന്നപ്പോഴാണ് ഓഫർ പ്രഖ്യാപിച്ചതെന്നും സിലിണ്ടർ ക്ഷാമം തീരുന്നതുവരെ ഓഫർ തുടരുമെന്നും സഫീർ അറിയിച്ചു.
സംഭവം കൗതുകമാണെങ്കിലും, സിലിണ്ടർ പ്രതിസന്ധി രാജ്യത്ത് രൂക്ഷമായി തുടരുകയാണ്. ഹോർമുസ് തുറക്കണമെന്ന ആവശ്യം ശക്‌തമായിരിക്കുകയാണ്. സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ, എൽപിജി വിതരണത്തിൽ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം 20 ശതമാനം അധിക വിഹിതം അനുവദിച്ച് ഉത്തരവിട്ടിരുന്നു. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ ആകെ വിഹിതം 50 ശതമാനമായി ഉയർന്നു.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ






































