മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം നാളെ. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ബുധനാഴ്‌ച വൈകീട്ട് 6.24നാണ് (ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 3.54) വിക്ഷേപണം. രണ്ടുവട്ടം ഇന്ധനചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം ഏപ്രിലിലേക്ക് മാറ്റിയത്.
നാസയുടെ റീഡ് വൈസ്‌മാൻ (കമാൻഡർ), വിക്‌ടർ ഗ്ളോവർ (മിഷൻ പൈലറ്റ്), ക്രിസ്‌റ്റീന കോച്ച് (മിഷൻ സ്‌പെഷ്യലിസ്‌റ്റ്, കാനഡയുടെ ജെറെമി ഹാൻസൺ (മിഷൻ സ്‌പെഷ്യലിസ്‌റ്റ്) എന്നിവരാണ് സഞ്ചാരികൾ. സ്‌പേസ് ലോഞ്ച് സിസ്‌റ്റം റോക്കറ്റിലാണ് ബഹിരാകാശ യാത്രികർ സഞ്ചരിക്കുന്ന ഓറിയോൺ പേടകം വിക്ഷേപിക്കുന്നത്.
ഈ റോക്കറ്റിൽ രണ്ടുവട്ടം ഇന്ധനചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിയത്. തകരാർ പരിഹരിച്ച എസ്എൽഎസ് റോക്കറ്റ് മാർച്ച് 20ന് കെന്നഡിയിലെ ലോഞ്ച് പാടിലേക്ക് മാറ്റിയിരുന്നു. ചന്ദ്രനെ വലയം ചെയ്‌തതിന് ശേഷം നാലുദിവസം നീളുന്ന യാത്രയ്‌ക്കൊടുവിലാണ് ഭൂമിയിലെത്തുക. 2028ൽ ആർട്ടെമിസ് 3 ദൗത്യത്തിലാണ് മനുഷ്യനെ ചന്ദ്രനിലിറക്കാൻ നാസ പദ്ധതിയിടുന്നത്.
1972 ഡിസംബർ 19നായിരുന്നു ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ ഏറ്റവുമൊടുവിലെ അപ്പോളോ ദൗത്യം. 54 വർഷത്തിന് ശേഷമാണ് ആർട്ടെമിസ്-II ദൗത്യം. ഈ ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ കാലുകുത്തില്ലെങ്കിലും ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തും. 10 ദിവസത്തെ ദൗത്യത്തിൽ നാല് ബഹിരാകാശ യാത്രികർ ചന്ദ്രോപരിതലത്തിൽ നിന്നും 7600 കിലോമീറ്റർ അടുത്തുവരെ സഞ്ചരിക്കും.
Most Read| തിരിച്ചടി; എൽപിജി സിലിണ്ടർ വില വീണ്ടും കുത്തനെ കൂട്ടി, 195.50 രൂപയുടെ വർധന








































