പൊതുപ്രശ്‌നങ്ങൾക്ക് പരിഹാരമാകാൻ റോഷന്റെ സ്‌റ്റാർട്ടപ്പ് ‘പരാതിപ്പെട്ടി’

മാലിന്യം, പ്രകാശിക്കാത്ത തെരുവ് വിളക്ക്, വെള്ളക്കെട്ട്, റോഡ്‌ പ്രശ്‌നങ്ങൾ, പൊതുശുചിമുറിയുടെ വൃത്തിയില്ലായ്‌മ തുടങ്ങി കേരളത്തിലെ പൊതുവായ ഏതൊരു പ്രശ്‌നവും ഫോട്ടോ ഉൾപ്പടെ സമൂഹ ശ്രദ്ധയിലേക്ക് എത്തിക്കാനും അതുവഴി അധികൃതരുടെ ഇടപെടൽ ഉറപ്പുവരുത്താനുമുള്ള സംവിധാനമാണ് പരാതിപ്പെട്ടി ഡോട്ട് കോം.

By Senior Reporter, Malabar News
Roshan’s ‘ParathiPetty’ platform on Whats app
Roshan PS/ Image Edited & Designed by Team MN

സമൂഹം നേരിടുന്ന പൊതുപ്രശ്‌നങ്ങൾ ഫോട്ടോ, ലൊക്കേഷൻ ഉൾപ്പടെ ParathiPetty.com-ൽ പോസ്‌റ്റ്‌ ചെയ്‌ത്‌ അധികൃതരുടെ ശ്രദ്ധക്ഷണിക്കുന്ന ഒരു സാമൂഹിക സംരംഭം തുടങ്ങിയിരിക്കുകയാണ് എറണാകുളം കളമശ്ശേരി മുട്ടം സ്വദേശി റോഷൻ പിഎസ്.

”ഇത് ഒരു പ്രോട്ടോ ടൈപ്പ് ആണെന്ന് പറയാം. കേരളത്തിൽ വിജയകരമായാൽ ഈ ആശയം മറ്റൊരു പേരിൽ രാജ്യവ്യാപകമായി നടപ്പിലാക്കാൻ സാധിക്കും. പരാതിപ്പെടുന്നവരുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുന്നത് കൊണ്ട് പരാതിക്കാർക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ല എന്നതാണ് ‘പരാതിപ്പെട്ടി’യുടെ പ്രധാന സവിശേഷത.” -ബിടെക് കമ്പ്യൂട്ടർ സയൻസ് പൂർത്തീകരിച്ച 24കാരനായ റോഷൻ പറഞ്ഞു.

“പരസ്യങ്ങളിലൂടെയും സ്‌പോൺസർഷിപ്പിലൂടെയും വരുമാനം കണ്ടെത്താൻ സാധിക്കും. പക്ഷെ അധികൃതരുടെ പിന്തുണ ആവശ്യമാണ്. അവർ ഈ സാമൂഹിക സംരംഭത്തെ ശത്രുതയോടെ കാണുന്നതിന് പകരം ഒരു സഹായമായി കാണുകയും ലഭ്യമാകുന്ന പരാതികൾ കഴിയുന്നത്ര വേഗത്തിൽ പരിഹരിക്കുകയും ചെയ്‌താൽ ‘പരാതിപ്പെട്ടി’ സമൂഹത്തിനും സർക്കാരിനും ഗുണകരമാകുകയും സംരംഭം എന്ന നിലയിൽ വിജയമാകുകയും ചെയ്യും.” -റോഷൻ വിശദീകരിച്ചു.

ഈ സംവിധാനം എങ്ങനെ ഉപയോഗിക്കാം:

1) ParathiPetty.com എന്ന വെബ്സൈറ്റ് തുറക്കുക.

2) വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വാട്‌സാപ്പ് നമ്പറിൽ ക്ളിക് ചെയ്യുക

3) നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക.

4) പരാതി ഉണ്ടെന്ന് സന്ദേശം അയക്കുക.

5) അപ്പോൾ പരാതിപ്പെട്ടി ഫോട്ടോ ചോദിക്കും, അത് നൽകുക

6) ഫോട്ടോ നൽകിയാൽ ലൊക്കേഷൻ ചോദിക്കും, അതും നൽകുക

7) നൽകിയ വിവരം ശരിയെങ്കിൽ പരാതിപ്പെട്ടി എഐ അധിഷ്‌ഠിത വെബ്സൈറ്റിൽ ലിസ്‌റ്റ്‌ ചെയ്യും

8) പരാതിക്കാരന് പരാതിയുടെ ലിങ്ക് അവരവരുടെ വാട്‌സാപ്പിലേക്ക് ലഭിക്കും.

ഓരോ പരാതിയുടെയും ഫോട്ടോ എഐ അഥവാ നിർമ്മിത ബുദ്ധി വിശകലനം ചെയ്യുകയും ഫോട്ടോ ശരിയായ ലൊക്കേഷനിൽ നിന്നാണോ, ഫോട്ടോ ഒറിജിനൽ ആണോ? ഇമേജ് എഡിറ്റഡ് ആണോ, പരാതി ശരിയാണോ? എന്നതെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് പരാതി വെബ്‌സൈറ്റിൽ പൊതുസമൂഹത്തിന് ദൃശ്യമാകുക.

പരാതി നൽകുന്ന ആൾക്ക് ഫോട്ടോ എടുക്കൽ ഉൾപ്പടെ പരാതി സമർപ്പിക്കുന്നതുവരെ പരമാവധി 3 മിനിറ്റ് സമയമാണ് വിനിയോഗിക്കേണ്ടിവരിക. മറ്റൊന്നും പരാതിക്കാരൻ ചെയ്യേണ്ടതില്ല. പരാതിക്കാരന്റെ ഒരു വ്യക്‌തിപരമായ വിവരവും പൊതുസമൂഹത്തിനോ അധികൃതർക്കോ ലഭ്യമാക്കില്ല. അത് കൊണ്ടുതന്നെ പരാതിപ്പെടുന്നവരെ പിന്നീട് ആരെങ്കിലും വേട്ടയാടുമെന്ന ഭയം വേണ്ടതില്ല.

parathipetty.com complaint box
Parathipetty.com Complaint Box

“നിലവിലുള്ള പ്രോട്ടോ ടൈപ്പിൽ കൂടുതൽ മാറ്റങ്ങൾ ഭാവിയിലേക്ക് കൊണ്ടുവരും. പരാതിയുടെ ഫോളോ അപ്പ്, അത് ബന്ധപ്പെട്ട അധികൃതരിലേക്ക് എത്തിക്കൽ, പരാതി പരിഹരിക്കപ്പെട്ടാൽ പരാതിനൽകിയ വ്യക്‌തിയെ അറിയിക്കൽ തുടങ്ങിയ നിരവധി അപ്‌ഡേറ്റുകൾ ഇനിയും ഉൾപ്പെടുത്താനുണ്ട്.” -റോഷൻ പറഞ്ഞു.

ബേക്കേഴ്‌സ്‌ അസോസിയേഷൻ കേരളയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന, ഇന്ത്യയിലെ ആദ്യത്തെ ഫുഡ് ഇൻഡസ്ട്രിയൽ എഐ അധിഷ്‌ഠിത ‘വാട്‌സാപ്പ് ഹയറിങ്’ പ്ളാറ്റ്‌ഫോം BakeJoli.com ഉം റോഷൻ വികസിപ്പിച്ച മറ്റൊരു സംവിധാനമാണ്. ബേക്കറി, ഹോട്ടൽ, കഫേ ഉടമകൾക്ക് ജോലിക്കാരെ കണ്ടെത്താനുള്ള ഒരു ആധുനിക സംവിധാനമാണിത്. ബുദ്ധിമുട്ടുള്ള ഫോമുകളോ റെസ്യൂമെയോ ഇതിൽ വേണ്ടതില്ല. ജോലി ആവശ്യം വാട്‌സാപ്പിൽ പറഞ്ഞാൽ മതി. BakeJoli.com ലുള്ള AI ജോബ് പോസ്‌റ്റ്‌ തയ്യാറാക്കുകയും അനുയോജ്യരായ ഉദ്യോഗാർഥികളുമായി ബന്ധിപ്പിക്കുകയും ചെയ്യും.

“ഈ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് തങ്ങളുടെ കഴിവ്, സ്‌ഥലം, പരിചയം എന്നിവ വാട്‌സാപ്പിലൂടെ രജിസ്‌റ്റർ ചെയ്യാം. തുടർന്ന് അനുയോജ്യമായ ജോലി അവസരങ്ങൾ നേരിട്ട് ചാറ്റിൽ ലഭിക്കും. ഈ പ്ളാറ്റ്‌ഫോം ഇതിനകം 10,000+ രജിസ്‌റ്റർ ചെയ്‌ത ഉപയോയോക്‌താക്കളെ കടന്നിട്ടുണ്ട്.”- റോഷൻ പറഞ്ഞു.

സാമൂഹിക നൻമകൂടി ലക്‌ഷ്യം വെയ്‌ക്കുന്ന നിക്ഷേപകരുടെ പിന്തുണയ്‌ക്കൊപ്പം, ഇത്തരമൊരു സംവിധാനത്തെ ഒരു ചൂണ്ടുപലകായി സ്വാഗതം ചെയ്യാനും ഇതിലൂടെ ദൃശ്യമാകുന്ന പരാതികൾ പരിഹരിക്കാനുള്ള നടപടികൾ അധികൃതരും സ്വീകരിച്ചാൽ റോഷന്റെ സ്‌റ്റാർട്ടപ്പ് വലിയ മാറ്റങ്ങൾക്ക് കാരണമാകും.

Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE